ന്യൂദല്‍ഹി- ഇന്ത്യയെന്ന പേരിന് ബ്രിട്ടീഷുകാരുമായി യാതൊരു ബന്ധവുമില്ലെന്ന് ചരിത്രകാരന്മാര്. ക്രിസ്തുവിന് മുമ്പ് അഞ്ചാം നൂറ്റാണ്ടില്‍ തുടങ്ങിയ ഗ്രീക്ക് വേരുകളുള്ള പദമാണ് ഇന്ത്യയെന്നും അവര്‍ വിശദമാക്കുന്നു.
ഇന്ത്യ എന്ന പേര് കൊളോണിയല്‍ ഭൂതകാലത്തിന്റെ അവശിഷ്ടമാണ് സൂചിപ്പിക്കുന്നത് എന്ന വാദമാണ് ചരിത്രകാരന്മാര് തള്ളിക്കളയുന്നത്. ഭാരത്, ഇന്ത്യ എന്നീ രണ്ട് പേരുകളും രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും രണ്ട് പേരുകളും 'പൂര്‍ണമായും നിയമാനുസൃതമാണ്' എന്നും ചരിത്രകാരന്മാര് വ്യക്തമാക്കുന്നു.
ഗ്രീക്കുകാര്‍ മാത്രമല്ല പേര്‍ഷ്യക്കാരും ഇന്ത്യ എന്ന പേര് ഉപയോഗിച്ചിരുന്നു. ഇന്ത്യയെ സിന്ധു നദിക്ക് അപ്പുറം ഒരു രാജ്യമായി അവര്‍ തിരിച്ചറിയുകയും അങ്ങനെയാണ് പേര് വന്നതെന്നും ചരിത്രകാരന് ഇര്ഫാന് ഹബീബ് വാര്‍ത്താ ഏജന്‍സിയായ പി. ടി. ഐയോട് പറഞ്ഞു. ചരിത്ര സ്രോതസ്സുകളില്‍ പലതിലും ഗ്രീക്ക് ചരിത്രകാരനായ മെഗസ്തനീസും ഉള്‍പ്പെടെ നിരവധി സഞ്ചാരികളും ഇക്കാര്യം പരാമര്‍ശിക്കുന്നതായും ഭാരതത്തെ പോലെ ഇന്ത്യയും നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും ഇര്ഫാന് ഹബീബ് പറഞ്ഞു.
ഇന്ത്യ എന്ന പേരിനെ ബ്രിട്ടീഷുകാരുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ശുദ്ധ നുണയാണെന്നാണ് ഇര്ഫാന് ഹബീബ് പറയുന്നത്. കഴിഞ്ഞ വര്‍ഷം രാജ്പഥിനെ കര്‍ത്തവ്യ പാത എന്ന് കേന്ദ്രസര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തപ്പോഴും ഇത്തരത്തില്‍ 'തെറ്റായ അവകാശവാദം' നടത്തിയിരുന്ന കാര്യം ഇ്ര്‍ഫാന്‍ ഹബീബ് പറഞ്ഞു. രാജ്പഥിലെ 'രാജ്' (ഭരണം) എന്ന വാക്കിന് ബ്രിട്ടീഷ് ഭരണവുമായി ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം വാദിച്ചു.
രാജ്പഥിനെക്കുറിച്ച് അവര്‍ കള്ളം പറഞ്ഞതുപോലെയാണ് ഇന്ത്യ എന്ന പേരിനെക്കുറിച്ചും കള്ളം പറയുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം യഥാക്രമം 'രാജ്പഥ്' എന്നും 'ജന്‍പഥ്' എന്നും പുനര്‍നാമകരണം ചെയ്യപ്പെട്ട കിംഗ്സ് വേയും ക്വീന്‍സ് വേയുമാണെന്ന് ചരിത്രകാരന് പറഞ്ഞു.
റെയ്സിന ഹില്‍ കോംപ്ലക്സിനെ ഇന്ത്യാ ഗേറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയ തലസ്ഥാനത്തെ ആചാരപരമായ ബൊളിവാര്ഡായ രാജ്പഥ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 'കര്‍ത്തവ്യ പാത' എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു, നവീകരിച്ച സെന്‍ട്രല്‍ വിസ്ത അവന്യൂവിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പാത ഉദ്ഘാടനം ചെയ്തത്.
ചരിത്രകാരനായ സലില്‍ മിശ്രയും ഇര്ഫാന് ഹബീബിന്റെ അഭിപ്രായങ്ങളാണ് ശരിവെക്കുന്നത്. ചരിത്രപരമായും ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവും ഗോത്രപരവും സാമുദായിക അടിസ്ഥാനത്തിലും ഭാരതം, ഇന്ത്യ, ഹിന്ദുസ്ഥാന്‍, ജംബുദ്വീപ്, ആര്യാവര്‍ത്തം എന്നിങ്ങനെ കുറഞ്ഞത് അഞ്ച് പേരുകളിലെങ്കിലുമോ അതിലേറെയുമോ ഇന്ത്യയെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നീണ്ടതും വൈവിധ്യമാര്‍ന്നതും സമ്പന്നവുമായ ചരിത്രത്തിന്റെ സൂചന മാത്രമാണ് വ്യത്യസ്ത പേരുകളെന്നും ഏറ്റുമുട്ടലുകളുടെ ചരിത്രവും സമ്പര്‍ക്കങ്ങളുടെ ചരിത്രവും ആശയവിനിമയവും സംഭാഷണങ്ങള്‍, ഈ ഡയലോഗുകള്‍ എന്നിവയാലാണ് വളരെ വ്യത്യസ്തമായ പേരുകള്‍ സൃഷ്ടിക്കപ്പെട്ടത്.
ഇന്ത്യയും ഭാരതവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദങ്ങളാണെന്നും ഈ രണ്ട് പദങ്ങള്‍ക്കും അതിന്റേതായ ചരിത്രങ്ങളുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഒന്നിനുപിറകെ ഒന്നായി ഏതെങ്കിലും ഒരു പേരിന് വിശേഷാധികാരം നല്കാന് യാതൊരു മാര്‍ഗവുമില്ലെന്നും ഒരു ചരിത്രകാരന് എന്ന നിലയില്‍ ഒന്ന് ഉയര്‍ന്നതും മറ്റേത് താഴ്ന്നതും എന്ന് പരിഗണിക്കാനും കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.