ന്യൂഡൽഹി - രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ജി 20 ഉച്ചകോടിക്കെത്തിയ ലോകനേതാക്കൾ. ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തിയാണ് ലോകനേതാക്കൾ ആദരമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഷാൾ അണിയിച്ച് രാഷ്ട്രത്തലവന്മാരെ രാജ്ഘട്ടിലേക്ക് സ്വീകരിച്ചു. ശേഷം സബർമതി ആശ്രമത്തെ കുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും ലഘു വിവരണവും നൽകി. തുടർന്ന് മോഡിക്കൊപ്പം ഒന്നിച്ച് രാജ്ഘട്ടിലേക്കെത്തിയ ലോകനേതാക്കൾ പുഷ്പ ചക്രം അർപ്പിച്ച് ഒരുമിനിറ്റ് മൗനം ആചരിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന് ഇമ്മാനുവൽ മക്രോൺ അടക്കമുള്ള ജി.20 നേതാക്കളാണ് ഗാന്ധിജിക്ക് രാജ്ഘട്ടിൽ ആദമർപ്പിച്ചത്. രാജ്യതലസ്ഥാനത്തും മഴ ശക്തമായതിനാൽ രാഷ്ട്രപിതാവിന് ആദരമർപ്പിക്കുന്ന ചടങ്ങ് ഒഴിവാക്കേണ്ടി വരുമോ എന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും മഴ മാറി നിന്ന നല്ലൊരു സമയത്തായിരുന്നു ലോകനേതാക്കളുടെ രാജ്ഘട്ട് സന്ദർശനം.