Sorry, you need to enable JavaScript to visit this website.

ഫാന്‍ പൊങ്കാലയുടെ സാമ്പത്തിക ശാസ്ത്രം

മാര്‍ക്കസ് ബ്രൗണ്‍ലിയെ ശ്രദ്ധിക്കുന്നത് 2009ല്‍ എപ്പോഴോ ആണ്. ടെക് റിവ്യു വീഡിയോ ചെയ്യുന്ന 16കാരന്‍ പയ്യന്‍ യുട്യൂബില്‍ അവതരിച്ചിരിക്കുന്നു, ഭയങ്കര സംഭവമാണെന്നൊക്കെ പറഞ്ഞ് ഏതൊ ടെക് മാഗസിനില്‍ ഒരു വാര്‍ത്ത കണ്ടത് കൊണ്ടാണ് ശ്രദ്ധിച്ചത്. അവന്റെ യുട്യൂബ് ചാനലില്‍ കയറി നോക്കി. കഷ്ടി 100 സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. ഒന്നോ രണ്ടോ വീഡിയോകളെ അപ്ലോഡ് ചെയ്തിട്ടുള്ളു. അതും പുള്ളിയുടെ പഴയ ഒരു തോഷിബ ലാപ്‌ടോപ്പിന്റെ. ഇത്ര ഭയങ്കരമെന്ന് വിളിക്കാന്‍ മാത്രമൊന്നുമില്ല എന്ന് തോന്നിയത് കൊണ്ട് അപ്പഴെ ഇറങ്ങി പോന്നു. പിന്നെ ഇടയ്ക്കിടെ റെഡിറ്റിലും മറ്റും മാര്‍ക്കസ്സിനെ കുറിച്ച് ആരെങ്കിലും പോസ്റ്റ് ചെയ്യുന്ന ലിങ്ക് കാണും.

ഫാസ്റ്റ് ഫോര്‍വേഡ് 2018. മാര്‍ക്കസിന് ഇന്ന് 24 വയസ്സ്. MKBHD എന്ന മാര്‍ക്കസിന്റെ ചാനലില്‍ ഇന്ന് 6.5 മില്യണ് സബ്‌സ്‌െ്രെകബേഴ്‌സ്. പ്രതിദിനം 3000 സബ്‌സക്രൈബേഴ്‌സ് പുതുതായി ചേരുന്നു. വീട്ടിലെ ബെഡ്‌റൂമില്‍ നിന്ന് സാദാ ഹാന്‍ഡി കാമില്‍ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്തിരുന്ന വീഡിയൊകളില്‍ നിന്ന് നല്ല പ്രൊഡക്ഷന്‍ ക്വാളിറ്റി വീഡിയോകളായി മാറുന്നു. ഫോണും ലാപ്‌ടോപ്പുകളുടെയും ടെക് റിവ്യുകളില്‍ നിന്ന് വളര്‍ന്ന് ഗൂഗിള്‍ ഗ്ലാസ്സിന്റെയും, ഓക്കുലസ് റിഫ്റ്റ് VRന്റെയും, ടെസ്ലാ മോഡല്‍ 3 കാറിന്റെയും ഒക്കെ റിവ്യുകള്‍ ചെയ്യുന്നതിലേയ്ക്ക് മാര്‍ക്കസ് വളര്‍ന്നിരിക്കുന്നു. മാത്രമല്ല, ബെസ്റ്റ് ഫോണ്‍ ഇന്‍ കാറ്റഗറി അവാര്‍ഡുകളും കൊടുത്തു തുടങ്ങി. സാംസങ്ങും, ആപ്പിളും, മോട്ടറോളയുമൊക്കെ മാര്‍ക്കസ്സിന്റെ അവാര്‍ഡുകള്‍ വലിയ അംഗീകാരമായി പ്രദര്‍ശിപ്പിക്കുന്നു. കോബി ബ്രയന്‍ പോലുള്ള സ്‌പോര്‍ട്‌സ് താരങ്ങള്‍ ചാനലില്‍ ഇന്റര്‍വ്യുവിനായി മാര്‍ക്കസിന്റെ മുന്നില്‍ ഇരിക്കുന്നു. യുട്യൂബ് ചാനലില്‍ നിന്ന് മാത്രം മാര്‍ക്കസിന് പ്രതിദിനം 800 ഡോളര്‍ വരുമാനമുണ്ട്. ടെക് റിവ്യുസിന് പുള്ളി കാശു വാങ്ങാറില്ല. പക്ഷെ ബ്രാന്‍ഡ് പ്രൊമോഷന് വീഡിയോകള്‍ ചെയ്യാന്‍ 40,000 തൊട്ട് 60,000  ഡോളര്‍ വരെ ഫീസ് വാങ്ങുന്നുണ്ട്. ഒരു ബെഡ്‌റൂം അപ്പാര്‍ട്‌മെന്റില്‍ നിന്ന് 3000 സ്‌ക്വയര്‍ഫീറ്റുള്ള ഒരു സ്റ്റുഡിയോയിലേയ്ക്ക് മാറി. നാല് സ്റ്റാഫും അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്യുന്നു.

ഇങ്ങ് നമ്മുടെ കേരളത്തിലും മാര്‍ക്കസിനെ പോലെ ഉള്ളവരുണ്ട്. ഫേസ്ബുക്കില്‍ തന്നെ അനേകം പേരെ കാണാം. ഇവരില്‍ ഒരാളായ സുജിത്ത് ഭക്തനെ എടുക്കാം. ബ്ലോഗ് കാലം മുതല്‍ സുജിത്തിനെ ശ്രദ്ധിക്കുന്നതാണ്. കൊടകരപുരാണം ഹിറ്റ് ആയി നില്‍ക്കുന്ന സമയം. അന്ന് ദിവസത്തില്‍ ഒന്ന് വെച്ച് മലയാളികള്‍ ബ്ലോഗ് തുടങ്ങുന്നു. എല്ലാവരും കൊടകരപുരാണത്തിന്റെ ഫോര്‍മാറ്റില്‍ നൊസ്റ്റാള്‍ജിയ എഴുതിയപ്പോള്‍ സുജിത് എഴുതി തുടങ്ങിയത് KSRTCയെ കുറിച്ചാണ്. ലോകത്ത് വേറെന്തൊക്കെ വിഷയമുണ്ട്. പക്ഷെ സുജിത്ത് തിരഞ്ഞെടുത്ത വിഷയം ആനവണ്ടിയാണ്. ചുരുങ്ങിയ കാലം കൊണ്ട് കുറേ അനവണ്ടി പ്രേമികളെ സുജിത്തിന് ബ്ലോഗിലേയ്ക്ക് ആകര്‍ഷിക്കാന്‍ പറ്റി. ആനവണ്ടി.കോം എന്ന സൈറ്റ് പിന്നീട് ഒരു ട്രാവല്‍ ബ്ലോഗായി മാറി. സുജിത് പതിയെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലേയ്ക്ക് തിരിഞ്ഞു. ഇന്ന് ടെക്ക് ട്രാവല്‍ ഈറ്റ് എന്നൊരു ഫേസ്ബുക് പേജും, ബ്ലോഗും നടത്തുന്നു. മാര്‍ക്കസ്സ് ബ്രൌണ്‍്‌ലീ ടെക് ഗാഡ്ജറ്റ്‌സാണ് റിവ്യു ചെയ്യുന്നതെങ്കില്‍ സുജിത് റിസോര്‍ട്ടുകളും, ട്രാവല്‍ ഡെസ്റ്റിനേഷനുകളുമാണ് റിവ്യു ചെയ്യുന്നത്. ഒരു ആറു കൊല്ലം മുന്നെ ഉള്ള മാര്‍ക്കസ് ബ്രൌണ്‍ലീയുടെ സ്‌റ്റേജിലാണ് ഇന്ന് സുജിത്.

സുജിത്തും, (തുടക്ക കാലത്ത് മാര്‍ക്കസും) ചെയ്തത് മാര്‍ക്കെറ്റിങ് സംജ്ഞയില്‍ മൈക്രോ ഇന്‍ഫഌവെന്‍സര്‍ മാര്‍ക്കറ്റിങ് എന്ന് പറയും. ഒരു പ്രത്യേക വിഷയത്തില്‍ തത്പരരായ ഒരു ചെറിയ ഗ്രൂപ് ആള്‍ക്കാരെ ഒരുമിച്ച് ചേര്‍ത്ത് ഒരു കമ്യൂണിറ്റി ഉണ്ടാക്കുക. പുതിയ ഉത്പന്നങ്ങളും, സര്‍വ്വീസുകളും അവരെ പരിചയപ്പെടുത്തുക. വളരെ പരന്ന അഭിരുചികളുള്ളവര്‍ ഉള്‍പ്പെട്ട ഒരു കമ്യൂണിറ്റിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനേക്കാള്‍ ഫലപ്രദമാണ് ഇത്തരം ചെറിയ ഗ്രൂപ്പുകളിലെ മാര്‍ക്കെറ്റിങ്. ഇത്തരം പാഷണേറ്റ് ഗ്രൂപ്പുകളില്‍ നിന്നുള്ള ഫീഡ്ബാക്കുകളാണ് ഒരു ഉപഭോക്താവ് വിലമതിക്കുക. ടി.വി യില്‍ വരുന്ന ആഡുകള്‍ സ്‌കിപ് ചെയ്തു കളയുന്നവര്‍ ഇത്തരം വിഷയത്തെ കുറിച്ച് പാഷനേറ്റ് ആയ ആള്‍ക്കാരുടെ റിവ്യുകള്‍ അങ്ങോട്ട് ചെന്ന് കാണും. ആപ്പിളും, സാംസങ്ങുമൊക്കെ മാര്‍ക്കസ് ബ്രൌണ്‍ലീയെ പോലുള്ളവരെ തങ്ങളുടെ പ്രോഡക്ട് ലോഞ്ചുകള്‍ക്ക് ക്ഷണിക്കുന്നതും, അവര്‍ക്ക് റിലീസിനു മുന്നെ പ്രോഡക്ടുകള്‍ റിവ്യുവിനായി അയച്ചു കൊടുക്കുന്നതും മൈക്രൊ ഇന്‍ഫഌവന്‍സര്‍മാരുടെ മൂല്യം ഈ കമ്പനികള്‍ മനസ്സിലാക്കിയത് കൊണ്ടാണ്.

സുജിത് KSRTC ബ്ലോഗ് തുടങ്ങിയപ്പഴും, മാര്‍ക്കസ് MKBHD തുടങ്ങിയപ്പഴും തങ്ങള്‍ ചെയ്യുന്നത് മൈക്രൊ ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കെറ്റിങ് ആണെന്ന് ഒരു ധാരണയുമില്ലായിരുന്നു. ഭാവിയില്‍ ഇത് തങ്ങളുടെ വരുമാന മാര്‍ഗമാകുമെന്നും ആലോചിച്ചിട്ടില്ല. പക്ഷെ വരുമാനം ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ഇരുവരും വളരെ സുതാര്യമായി തങ്ങളുടെ വരുമാന സ്രോതസ്സ് വെളിപ്പെടുത്തി. ഈ സുതാര്യമായ സത്യസന്ധതയാണ് ഇവരെ ഫോളോ ചെയ്യുന്ന ഫാനുകള്‍ അവരെ ഇഷ്ടപ്പെടാന്‍ കാരണം. മാത്രമല്ല, ഇവര്‍ അവരുടെ തൊഴിലിനോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയും ഒരു കാരണമാണ്. സുജിത് ദിവസങ്ങളോളും കുടുംബത്തില്‍ നിന്ന് മാറി നിന്നാണ് തന്റെ വീഡിയോകള്‍ക്കുള്ള കണ്ടെന്റ് കണ്ടെത്തുന്നത്. സുജിത്തിനെയും, മാര്‍ക്കസ്സിനെയും പരിചയപ്പെടുത്തിയത് മൈക്രോ ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിങ്ങിനെ കുറിച്ച് ഒരു ധാരണ നല്‍കാന്‍ വേണ്ടിയാണ്. ഇനി വിഷയത്തിലേ്ക്ക്.

ഓരോ താര ഫാന്‍ പേജും ഒരു പ്രത്യേക വിഷയത്തില്‍ തല്‍പരരായ ഒരു കൂട്ടം ആള്‍ക്കാരുടെ കമ്യൂണിറ്റിയാണ്. തങ്ങള്‍ ആരാധിക്കുന്ന നടന്‍/നടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കാനും. പടങ്ങള്‍ കാണാനുമാണ് ഇവര്‍ ഒത്ത് കൂടിയിരിക്കുന്നത്. ഇത്രയും സൂക്ഷമമായ അഭിരുചിയുള്ള ഒരു കമ്യൂണിറ്റി ഉണ്ടാവില്ല. ഇത് മനസ്സിലാക്കിയവരാണ് ഇന്നത്തെ പ്രധാനപ്പെട്ട എല്ലാ ഫാന്‍ പേജുകളുടെയും അഡ്മിന്‍സ്. മിക്ക അഡ്മിനുകളും താരത്തിന്റെ ഫാനസോസിയേഷന്‍ ഭാരവാഹിയുമാണ്. കഴിഞ്ഞ രണ്ട് മൂന്നാഴ്ച ഇവരെയൊക്കെ നിരീക്ഷിക്കുക ആയിരുന്നു. നല്ല രീതിയില്‍ നടക്കുന്ന ഫാന്‍ പേജുകളുടെ അഡ്മിനുകള്‍ക്ക് ശരാശരി 25 ഡോളര്‍ തൊട്ട് 100 ഡോളര്‍ വരെ പ്രതിദിനം അവര്‍ നടത്തുന്ന പേജുകളില്‍ നിന്നും, ന്യൂസ് പോര്‍ട്ടലില്‍ നിന്നും വരുമാനമുണ്ട്.

പ്രധാനമായും, രണ്ട് തരം ഫാന്‍ പേജുകള്‍ ഉണ്ട്

മൈക്രോ ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റര്‍ക്ക് ആവശ്യമായ സുതാര്യത ഒന്നുമില്ലെങ്കിലും ശരിക്കും അദ്ധ്വാനിക്കുന്നുണ്ട്. സിനിമാ താരത്തിനൊപ്പം സെറ്റുകളില്‍ നിന്ന് സെറ്റുകളിലേയ്ക്ക് യാത്ര ചെയ്ത് താരത്തിന്റെ ആരും കാണാത്ത പടങ്ങളൊക്കെ പിടിച്ച് അപ്ലോഡ് ചെയ്യുന്നു. താരത്തിന്റെ സെറ്റുകളില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ തങ്ങള്‍ തന്നെ നടത്തുന്ന ന്യൂസ് പോര്‍ട്ടലില്‍ എഴുതി ചേര്‍ക്കുന്നു. അവ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നു. ശരാശരി 2000 ത്തിനു മേലെ ലൈക്കുകളും എന്‌ഗേജ്‌മെന്റും ലഭിക്കുന്നുണ്ട്. ഇത്തരം കൂട്ടര്‍ നടത്തുന്ന ഫാന്‍ പേജുകള്‍ ക്വാളിറ്റിയിലും വളരെ മുന്നിലാണ്. അത് കൊണ്ട് തന്നെ ലക്ഷങ്ങള്‍ ഫോളോവേഴ്‌സ് ആയുണ്ട്. ഇവര്‍ ലാലേട്ടന്‍/ദുല്‍ഖര്‍/മമ്മൂട്ടി/പ്രിത്ഥ്വിരാജ് ഞങ്ങുടെ ചങ്കാണ്, മത്തങ്ങയാണ് എന്ന ലൈനാണ് സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ മൈക്രോ ഇന്‍ഫ്‌ലുവന്‍സ്സര്‍ മാര്‍ക്കെറ്റിങ് സ്‌കെയില്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ബ്രാന്‍ഡുകളുടെ പ്രൊമോഷന്‍ പോലെയുള്ള അഫിളിയേറ്റ് മാര്‍ക്കെറ്റിങ്ങൊന്നും അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നില്ല. ഈ ലക്ഷം ഫോളോവേഴ്‌സ് മണ്ടമ്മാരൊന്നുമല്ല. അവര്‍ക്ക് സംഗതി കത്തും. ഈ പേടി ഉള്ളത് കാരണം അവര്‍ ന്യൂസ് പോര്‍ട്ടലുകളൊക്കെ തുടങ്ങി അതിലെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ മാത്രം സംത?പ്തരായി കഴിയുകയാണ്.

രണ്ടാമത്തെ ഗണത്തില്‍ വരുന്നതാണ് 'ഫാനര'ന്മാരുടേത്. ഇതിന്റെ അഡ്മിനും ഒരു ഫാനസോസിയേഷന്‍ ഭാരവാഹി ആയിരിക്കും. ഈ ലക്ഷം ഫോളോവേഴ്‌സ് ഉള്ള പേജുകളെ പോലെ അദ്ധ്വാനിക്കാനൊന്നും ഇവര്‍ മെനക്കെടില്ല. മറ്റ് പേജുകളില്‍ വന്ന താരത്തിന്റെ പഴയ ഫോട്ടോകളൊക്കെ അടിച്ചു മാറ്റി എടുത്ത് പ്രദര്‍ശിപ്പിക്കും. കൂടാതെ, ഇവരുടെ പേജുകള്‍/ഗ്രൂപ്പുകള്‍ ഒരു പാക്കേജ് ആണ്. മോഹന്‍ലാലിന്റെ ഫാന്‍ പേജ് എന്നായിരിക്കും പേര്. പക്ഷെ പാക്കേജില്‍ ദിലീപ്, ആദി, പ്രിഥ്വിരാജും ഉണ്ടാകും. മമ്മൂട്ടിയുടെ ഫാന്‍ പേജ് ആണെങ്കില്‍ ദുല്‍ഖറും കാണും പാക്കേജില്‍.

ഈ രണ്ടാമത്തെ ഗ്രൂപ്പിലെ പേജ് മുതലാളിമാര്‍ നടത്തുന്ന മാര്‍ക്കെറ്റിങ് കാംപെയിനാണ് പൊങ്കാലകള്‍. ഓരോ പൊങ്കാലകള്‍ കഴിയുമ്പഴും ഈ ഫേസ്ബുക് പേജിലും/ഗ്രൂപ്പിലും 2550 ആളുകള്‍ വെച്ച് കൂടുന്നുണ്ട്. അതുവഴി ഇവരുടെ ന്യൂസ് പോര്‍ട്ടലുകളിലേയ്ക്കും. പരസ്യം പതിച്ചിരിക്കുന്ന ഇവരുടെ ന്യൂസ് പോര്‍ട്ടലുകളില്‍ അസഭ്യവര്‍ഷമാണ്. മോഹന്‍ലാലിന്റെ ഫാന്‍പേജാണെങ്കില്‍ മമ്മൂട്ടിയെക്കുറിച്ച് അസഭ്യം. തിരിച്ചും. ഈ പോര്‍ട്ടലുകളിലെയും, ഇവരുടെ വീഡിയൊ ചാനലിലെ എന്‌ഗേജുമെന്റുകളും ഒക്കെ ചേര്‍ത്താല്‍ പ്രതിദിനം 10-12 ഡോളര്‍ വരുമാനം ഇവര്‍ക്കുണ്ട്. ചുമ്മാ തെറി വിളിച്ചും, വിളിപ്പിച്ചും നടന്നാല്‍ മാസം പത്തിരുപതിനായിരം രൂപ ഉണ്ടാക്കുക എന്നത് ചില്ലറ കാര്യമല്ല.

ഈ കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാന ചലചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലേയ്ക്ക് ക്ഷണിക്കണോ വേണ്ടയോ എന്ന വിവാദം നടക്കുക ആയിരുന്നല്ലൊ. പൊങ്കാലക്കാര്‍ക്ക് വളരെ ബിസി ദിവസങ്ങളായിരുന്നു. അതിനാല്‍ ഇവരുടെ ഒപ്പം നിന്ന് പല പൊങ്കാലകളും നേരിട്ട് കാണാന്‍ പറ്റി. മൊത്തം കണ്ട്രോളും ഈ ഗ്രൂപ്/പേജ് അഡ്മിനാണ്. പല ഗ്രൂപ്പിലും ഇന്ന് ഇന്ന സ്ഥലത്താണ് പൊങ്കാല എന്ന് ആഹ്വാനം വരെ ഉണ്ട്. ആരൊക്കെ ഏതൊക്കെ ഫേക് പ്രൊഫൈലില്‍ പോകണമെന്ന് വരെ തീരുമാനം ഈ ഗ്രൂപ്പിലെടുക്കും. പിന്നെ ഇറങ്ങുകയായി. പൊങ്കാല കാണാന്‍ എത്തിയ പുതിയ ഒരാള്‍ ഈ ഫാനരനെ ആരെയെങ്കിലും ഫ്രണ്ട് ആയി ആഡ് ചെയ്യും. പതിയെ പുതിയ ഫ്രണ്ട് ഉള്‍പ്പെട്ട പേജുകളിലേയ്ക്കും ഗ്രൂപ്പിലേയ്ക്കും കയറും.

എണ്ണയിട്ട യന്ത്രം പോലെ ഈ തന്ത്രം വര്‍ക് ചെയ്യുന്നത് കണ്ട് ശരിക്കും വണ്ടറടിച്ചു പോയി. ഇതില്‍ സങ്കടകരം എന്താണെന്ന് വെച്ചാല്‍, ഈ അഡ്മിന് മുതലാളിമാരുടെ ചാവേറുകളായി കുറെ  'NoT YeT WoRkInG, I mA StIlL yOuTh, ha ha ha'  പിള്ളാരുണ്ട്. പേരിനറ്റത്ത് ബിരുദം പോലെ LFA എന്നൊക്കെ ഒട്ടിച്ച് പൊങ്കാലകളില്‍ മാത്രം പങ്കെടുത്ത് നടക്കുന്ന കുറേപ്പേര്‍. ഈ മുതലാളിമാര്‍ കാശുണ്ടാക്കുന്നു. ഇവര്‍ വെറുതെ തെറി വിളിച്ച് നടന്ന് നാട്ടുകാരുടെ പ്രാക്ക് വാങ്ങുന്നു.

പറഞ്ഞു വന്നത്, പൊങ്കാല ഒരു മാഫിയ ബിസിനസാണ്. നല്ല അച്ചടക്കമുള്ള ഒരു മാഫിയ. ഇത് താരാരാധന മൂത്ത് ചെയ്യുന്ന പരിപാടിയല്ല. കൃത്യമായ ബിസിനസ് ലക്ഷ്യമുള്ള ഒരു മാര്‍ക്കറ്റിങ് തന്ത്രമാണ്. പൊങ്കാലകളില്‍ പങ്കെടുക്കുന്നവര്‍ക്ക് മുടിഞ്ഞ താരാരാധനയായിരിക്കും. പക്ഷെ ഇവരെ അയക്കുന്ന ഗ്രൂപ്/പേജ് അഡ്മിനു ആ ലെവലിലുള്ള ഒരു ആത്മര്‍ത്ഥത ഉണ്ടൊ എന്ന് സംശയമാണ്. അവന് വയറ്റിപിഴപ്പാണ് ലക്ഷ്യം. മൈക്രോ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ് എന്ന വളരെ സത്യസന്ധമായ ഒരു ബിസിനസ് മേഖലയെ വ്യഭിചരിച്ച് ജീവിക്കുന്ന ഒരു കൂട്ടം പാഷാണത്തിലെ ക്രിമികളാണിവര്‍.

രഞ്ജിത് ആന്റണി 
(യുഎസില്‍ ടെക്‌നോളജി സംരംഭകനാണ്)
 

Latest News