ടീച്ചറേ എന്ന് നീട്ടിവിളിച്ചാൽ മലപ്പുറം കൊളത്തൂരിലെ കുറുപ്പത്ത് തറവാട്ടിൽ നിന്ന് 17 പേർ ഒരേസമയം വിളികേൾക്കും.11 വനിത അധ്യാപകരും 6 പുരുഷ അധ്യാപകരും ഉൾപ്പെടെ 17 അധ്യാപകരാണ് ഈ വീടിന്റെ ഐശ്വര്യം. ഇവരിൽ രണ്ടുപേർ പ്രധാനാധ്യാപകരായി വിരമിച്ചവരും ഒരാൾ നിലവിൽ പ്രധാന അധ്യാപകനുമാണ്.
ഒരു അധ്യാപക വിദ്യാർത്ഥിയുമുണ്ട്. അഞ്ച് തലമുറയിൽപെട്ട അധ്യാപകരാണ് വീട്ടിലുള്ളത്. കൊളത്തൂരിലെ നാഷണൽ എൽ. പി സ്‌കൂളിലെ പ്രധാന അധ്യാപികയായി വിരമിച്ച എഴുപത്താറ് വയസ്സുകാരി വിശാലാക്ഷിയാണ് വീട്ടിലെ മുതിർന്ന അംഗം. ഇവരുടെ നാലു മക്കളും 2 സഹോദരങ്ങളും രണ്ട് മരുമക്കളും 7 കുട്ടികളും നാല് പേരമരുമക്കളും അധ്യാപകർ തന്നെ. സഹോദരങ്ങളായ ഉണ്ണികൃഷ്ണൻ കെ.കെ കൊളത്തൂർ എൻ.എൽ.പി.എസിൽ നിന്നും പ്രേമലത ചെമ്മല എ.യു.പി സ്‌കൂളിൽ നിന്നും വിരമിച്ചു. മരുമക്കളായ സുധ എ.എൽ.പി സ്‌കൂളിൽ നിന്നും വിരമിച്ചു. സരോജ ദേവി കൊളത്തൂർ എൻ.എസ്.എസ് അധ്യാപികയാണ്. മക്കളും പേരക്കുട്ടികളുമായ കെ.കെ. സിന്ധു, ബിന്ദു, സംഗീത്, ജിജി, ദീപ്തി, ജിജിൻ ശങ്കർ എന്നിവർ വിവിധ സ്‌കൂളുകളിൽ അധ്യാപകരും കെ.കെ. സുധീർ പ്രധാന അധ്യാപകനുമാണ്. പേരമരുമക്കളായ സോമ സുന്ദരനും പ്രതിഭയും മീരയും അശ്വതിയും അധ്യാപകർ തന്നെ.
വിശാലാക്ഷിയുടെ മാതാവ് നാരായണിക്കുട്ടി നാഷണൽ എൽ.പി സ്‌കൂളിലെ ആദ്യ വനിതാധ്യാപികയായിരുന്നു. അവിടെ തുടങ്ങുന്നു കുറുപ്പത്ത് തറവാട്ടിലെ അധ്യാപക ചരിത്രം. ഇവർ ഏഴ് വർഷം മുമ്പ് മരിച്ചു. പേരക്കുട്ടികളിൽ ഒരാളായ ഹരികൃഷ്ണൻ അധ്യാപക വിദ്യാർത്ഥിയാണ്. പേരമകൻ ജിതിൻ ശങ്കറിന്റെ ഭാര്യ അശ്വതി എന്ന ഇരുപത്തേഴുകാരിയാണ് തറവാട്ടിലെ പ്രായം കുറഞ്ഞ അധ്യാപിക. മറ്റൊരു പേരമകനായ നിധിൻ ശങ്കറിന്റെ ഭാര്യയും അധ്യാപികയാണ്.