അക്ഷരങ്ങൾ ചേർത്തുവെച്ച് കൂട്ടിവായിക്കാനും എഴുതാനും അക്ഷരങ്ങളുടെ സൗന്ദര്യത്തോടൊപ്പം ചേർന്ന് ജീവിത വഴികളിൽ വിജയം നേടാനും കരുത്തേകിയ ഒത്തിരി തറവാടുകളും കുടുംബങ്ങളുമുണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽ. ഓത്തുപള്ളികളും കുടിപ്പള്ളിക്കൂടങ്ങളും അക്ഷരക്കളങ്ങളുമെല്ലാം ചേർന്നുണ്ടായ അക്ഷരപ്പുരയിടങ്ങളുടെ കഥകളാണ് തലമുറകളായി നാം ആർജിച്ച അറിവുകളുടെ കാതൽ.
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ പ്രധാന പോഷക നദിയായ തൂതപ്പുഴയുടെ കളാകളാരവം കേട്ടുണരുന്ന പാറൽ ഗ്രാമം അക്ഷരങ്ങളെ അനന്തരവകാശമാക്കി മാറ്റിയ കുടുംബങ്ങളുടെയും നാടാണ്.
നൂറ്റിയിരുപത്തഞ്ചിൽ എത്തിനിൽക്കുന്ന കലാലയമാണ് ഒരു നാടിന്റെ സ്പന്ദനം അറിഞ്ഞ് വളർന്നത്. പാറൽ വീട്ടിക്കാട് സ്‌കൂളിനു പറയാനുള്ളത് നൂറ്റാണ്ടിന്റെ കൂടെ സഞ്ചരിച്ച തലമുറയുടെ കഥ. അധ്യാപകരായതിൽ ഏറെ അഭിമാനിക്കുന്നതോടൊപ്പം തലമുറകളെ കൂടി ഈ രംഗത്തേക്ക് കൊണ്ടുവന്ന് ഇന്ന് അഞ്ചാം തലമുറയിലെത്തിനിൽക്കുന്ന കുടുംബം.
1899 ൽ കാട്ടുകണ്ടത്തിൽ കുട്ട്യാമു മൊല്ല ഒരു ജനതയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് വീട്ടിക്കാട് എ.എം.എൽ.പി സ്‌കൂൾ സ്ഥാപിച്ചു. ഇവിടത്തെ ആദ്യ അധ്യാപകനും അദ്ദേഹം തന്നെ. പിന്നീടങ്ങോട്ടുള്ള ഓരോ ചുവടുകൾക്കും പ്രചോദനം മഹാനുഭാവന്റെ കാൽപാടുകളാണ്. കുട്ട്യാമു മൊല്ലയുടെ പിതാവ് മൊയ്തീനാണ് വീട്ടിക്കാട് സ്‌കൂളിന് (കുടിപ്പള്ളിക്കൂടം) തുടക്കമിട്ടത്. അദ്ദേഹം തുടങ്ങിയ അധ്യാപക ശ്രേണി ഇന്ന് അഞ്ചാം തലമുറയിൽ എത്തിനിൽക്കുന്നു.
കുട്ട്യാമു മൊല്ല, മക്കൾ കുഞ്ഞയമുട്ടി മാസ്റ്റർ, മൊയ്തീൻ മാസ്റ്റർ, മുഹമ്മദ് (മമ്മു) മാസ്റ്റർ -ഇവരാണ് രണ്ടാം തലമുറ. മൂന്നാം തലമുറയാകട്ടെ, കുട്ടി മുഹമ്മദ് മാസ്റ്റർ, അബ്ദുസ്സമദ് മാസ്റ്റർ, അബൂബക്കർ (അബു മാസ്റ്റർ), അബൂബക്കർ (അബുട്ടി മാസ്റ്റർ), ഭാര്യ റുഖിയ ടീച്ചർ, യൂസഫ് കുട്ടി മാസ്റ്റർ, ഭാര്യ സ്വാലിഹ ബീവി ടീച്ചർ, ഫാത്തിമാ ബീവി.
നാലാം തലമുറയിൽ റഹ്മത്തുള്ള മാസ്റ്റർ (തൂത ഡി.യു.എച്ച്.എസ്.എസ് പ്രിൻസിപ്പൽ), റൈഹാനത്ത് ടീച്ചർ (പാറൽ വീട്ടിക്കാട് എ.എം.എൽ.പി ഹെഡ്മിസ്ട്രസ്), സിഫാനത്ത് ബീവി ടീച്ചർ, റഷീദ ടീച്ചർ, ഹുസൈൻ പാറൽ, ഭാര്യ ഷമീമ, ഡോ. മുഹമ്മദ് അമീൻ മാസ്റ്റർ (പ്രിൻസിപ്പൽ പാലക്കാട് പുളിയംപറമ്പ് ഹയർ സെക്കണ്ടറി സ്‌കൂൾ), ഭാര്യ സനിയ്യ ടീച്ചർ, ഉമ്മർ ഫാറൂഖ് മാസ്റ്റർ, ഭാര്യ മുബീന ടീച്ചർ, നജ്മുദ്ദീൻ മാസ്റ്റർ (വളാഞ്ചേരി എം.ഇ.എസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ), ഭാര്യ ഷബ്‌ന ടീച്ചർ, ബുഷ്‌റ ടീച്ചർ, സുമയ്യ ടീച്ചർ, അബ്ദുല്ലത്തീഫ് മാസ്റ്റർ, ഭാര്യ ഷമീല ടീച്ചർ, ഫാത്തിമ സഹീദ ടീച്ചർ, മുബഷിറ ടീച്ചർ, സക്കീർ ഹുസൈൻ മാസ്റ്റർ, ഭാര്യ ജസീല ടീച്ചർ, മുഹമ്മദ് അഷ്‌റഫ് മാസ്റ്റർ, നസീബ ടീച്ചർ, തസ്‌രി ടീച്ചർ. ഇനി അഞ്ചാം തലമുറ: നൗഷജ ടീച്ചർ, അൻസാർ മാസ്റ്റർ, റസീന ടീച്ചർ, ഷൈജൽ മാസ്റ്റർ, അഫീഫ ടീച്ചർ, സൽവ ടീച്ചർ, മുബശ്ശിറ ടീച്ചർ. ഇവരെല്ലാവരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കടപ്പെട്ടിരിക്കുന്നത് പാറലിൽ തലയുയർത്തി നിൽക്കുന്ന വീട്ടിക്കാട് സ്‌കൂൾ എന്ന ഈ വിദ്യാലയ മുത്തശ്ശിയോടാണ്.
കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കണ്ടറി സ്‌കൂൾ, പാലക്കാട് പുളിയംപറമ്പ് ഹയർ സെക്കണ്ടറി സ്‌കൂൾ, മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്‌കൂൾ, എം.ഇ.എസ് എച്ച്.എസ് എസ് വളാഞ്ചേരി വരെ വലിയ ഒരു ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്നു ഈ കുടുംബത്തിലെ അധ്യാപക ശൃംഖല. ഇതിൽ പ്രൈമറി അധ്യാപകർ മുതൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ, കോളേജ് അധ്യാപകർ അങ്ങനെ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവരുണ്ട്. പാറൽ പ്രദേശത്തിലെ ഇതര കുടുംബങ്ങളിലും ഒട്ടനവധി അധ്യാപക പ്രതിഭകളുണ്ട്.