Sorry, you need to enable JavaScript to visit this website.

ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം

ജാര്‍ഗ്രാം-പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാം ജില്ലയില്‍ ഒരാള്‍ തന്റെ ഭാര്യയുടെ ജന്മദിനത്തില്‍ ചന്ദ്രനില്‍ സ്ഥലം സമ്മാനമായി നല്‍കി. വിവാഹത്തിനു മുമ്പുതന്നെ ചന്ദ്രനെ കൊണ്ടുവന്നു നല്‍കുമെന്ന് ഭാര്യക്ക് വാഗ്ദാനം നല്‍കയിരുന്നുവെന്ന് ചന്ദ്രനില്‍ 10,000 രൂപയ്ക്ക് ഒരേക്കര്‍ സ്ഥലം വാങ്ങിയ സഞ്ജയ് മഹാതോ പറഞ്ഞു.

ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാന്‍-3 ദൗത്യത്തിന് ശേഷമാണ് ഇത്തരമൊരു സമ്മാനം വാങ്ങാനുള്ള പ്രചോദനം ഉണ്ടായതെന്ന് മഹാതോ പറഞ്ഞു. ഭാര്യക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാനാകുമെന്നും തന്റെ സ്വപ്നം പ്രായോഗികമാണെന്ന് ചാന്ദ്രയാന്‍ ദൗത്യം വിശ്വസിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഞാനും ഭാര്യയും വളരെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് വിവാഹിതരായത്. ചന്ദ്രനെ അവളുടെ അടുത്തേക്ക് കൊണ്ടുവരുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. ആ വാക്ക് പാലിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍, ഞങ്ങളുടെ വിവാഹത്തിന് ശേഷമുള്ള അവളുടെ ആദ്യ ജന്മദിനത്തില്‍, എന്തുകൊണ്ട് അവള്‍ക്ക് ചന്ദ്രനില്‍ ഒരു പ്ലോട്ട് സമ്മാനമായി നല്‍കിക്കൂടെന്ന് ഞാന്‍ ചിന്തിച്ചു-മഹാതോ പറഞ്ഞു.  
സുഹൃത്തിന്റെ സഹായത്തോടെ ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ മുഖേനയാണ് ഭൂമി വാങ്ങിയത്. മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരു വര്‍ഷമെടുത്തു. ഞാന്‍ അവള്‍ക്കായി ചന്ദ്രനില്‍ ഒരു ഏക്കര്‍ ഭൂമി വാങ്ങി. ഒരു രജിസ്‌ട്രേഷന്‍ പേപ്പര്‍ കയ്യില്‍ പിടിച്ചുകൊണ്ട് മഹാതോ പറഞ്ഞു.  
ചന്ദ്രഭൂമി സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, താനും ഭാര്യ അനുമികയും പലപ്പോഴും  പൂന്തോട്ടത്തില്‍ ഇരുന്ന് ചന്ദ്രനെ നോക്കി തങ്ങളുടെ പ്രണയകഥയുടെ അവിഭാജ്യ ഘടകമായി മാറിയ ചന്ദ്രനുമായുള്ള ബന്ധം അനുഭവിക്കുന്നുവെന്നും മഹാതോ പറഞ്ഞു.

ബഹിരാകാശത്തിന്റെ സ്വകാര്യ ഉടമസ്ഥത പ്രായോഗികമായി സാധ്യമല്ലെങ്കിലും, വെബ്‌സൈറ്റുകള്‍ ഇപ്പോഴും ചന്ദ്രനിലെ സ്ഥലം വില്‍ക്കുകയും' അവ 'വാങ്ങാന്‍' തയ്യാറുള്ളവര്‍ക്ക് 'സര്‍ട്ടിഫിക്കേഷന്‍' നല്‍കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ നാഴികക്കല്ലായ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തിനു മുമ്പുതന്നെ, ചന്ദ്രനില്‍ ഏക്കര്‍ കണക്കിന് സ്ഥലം വാങ്ങാന്‍ ഇന്ത്യക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

2020ല്‍ രാജസ്ഥാനിലെ അജ്മീറില്‍ ഒരാള്‍ വിവാഹ വാര്‍ഷികത്തില്‍ ഭാര്യക്ക് ചന്ദ്രനില്‍ മൂന്ന് ഏക്കര്‍ ഭൂമി സമ്മാനിച്ചിരുന്നു. എട്ടാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സപ്‌ന അനിജയ്ക്കായി പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് താന്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയതെന്ന് ധര്‍മേന്ദ്ര അനിജ പറഞ്ഞു.
നടന്‍മാരായ ഷാരൂഖ് ഖാന്‍, അന്തരിച്ച സുശാന്ത് സിംഗ് രാജ്പുത് എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബോധ് ഗയയിലെ താമസക്കാരനായ നീരജ് കുമാറും തന്റെ ജന്മദിനത്തില്‍ ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം വാങ്ങി.

 

Latest News