ഇസ്ലാമാബാദ്- കുട്ടികള്‍ക്ക് വാക്സിന് എടുക്കാത്ത മാതാപിതാക്കള്‍ക്കെതിരെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യ സര്‍ക്കാര്‍. പുതിയ നിയമപ്രകാരം കുട്ടികള്‍ക്കുള്ള വാക്സിനേഷനെ നിഷേധിക്കുന്ന മാതാപിതാക്കള്‍ക്ക് പിഴത്തുകയോ ജയില്‍ശിക്ഷയോ വരെ ലഭിച്ചേക്കാം.
പാകിസ്ഥാനില്‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന പോളിയോ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഡിഫ്തീരിയ, ടെറ്റനസ്, മീസില്‍സ്, റുബെല്ല തുടങ്ങിയ രോഗങ്ങള്‍ക്കുള്ള വാക്സിന് കുട്ടികള്‍ക്ക് നിഷേധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികള്‍ക്ക് വാക്സിന് നിഷേധിക്കുന്ന മാതാപിതാക്കള്‍ക്ക് ഒരുമാസം തടവുശിക്ഷയോ അമ്പതിനായിരം പാകിസ്ഥാനി രൂപയോ ശിക്ഷ ലഭിക്കാം. ഈ മാസത്തോടെ നിയമം പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിന്ധില്‍ നിന്നുള്ള മുന്‍ ദാരിദ്ര്യ നിര്മാര്ജനസാമൂഹിക സുരക്ഷാ മന്ത്രിയായ ഷാസിയ മാരി പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. വാക്സിനേഷന് നിരസിക്കുന്നത് അവസാനിപ്പിക്കാന്‍ ഈ നിയമം ഗുണംചെയ്യുമെന്ന് അവര്‍ പറഞ്ഞു.