കീവ്- പുതിയ നീക്കങ്ങള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലക്‌സി റസ്‌നികോവിനെ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്‌കി നീക്കം ചെയ്തു. പകരം റസ്റ്റം ഉമറോവിനെയാണ് പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചത്.
പ്രതിരോധ മന്ത്രിയെ നീക്കി പുതിയ നിയമനം നടത്തിയത് ് പാര്‍ലമെന്റ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 550 ദിവസമായി ഒലക്‌സി റസ്‌നികോവ് യുദ്ധമുഖത്തുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു.
ക്രിമിയന്‍ പ്രതിനിധിയായ റസ്റ്റം ഉമെറോവ് ഈ ആഴ്ച തന്നെ അധികാരമേറ്റെടുക്കും. 41കാരനായ ഉമെറോവ് യുക്രൈനിയന്‍ നയതന്ത്ര വിഭാഗത്തിന്റെ ഭാഗമായിരുന്നു.
യുക്രെയ്ന്‍ സര്‍ക്കാര്‍ പുതിയ സമീപനങ്ങളും സൈന്യവും ജനങ്ങളും തമ്മിലുള്ള ആശയവിനിമയില്‍ പുതിയ തലവും ആവശ്യപ്പെടുന്നുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു. മിലിറ്ററി ജാക്കറ്റുകളുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി വിവാദത്തിനു പിറകേയാണ് റസ്‌നികോവിനെ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നു നീക്കം ചെയ്യുന്നത്. സാധാരണ വിലയേക്കാള്‍ മൂന്നിരട്ടി തുക നല്‍കിയാണ് ജാക്കറ്റുകള്‍ വാങ്ങിയതെന്നും മഞ്ഞുകാല ജാക്കറ്റുകള്‍ക്ക് പകരം വേനല്‍ക്കാല ജാക്കറ്റുകളാണ് പ്രതിരോധ മന്ത്രാലയം വാങ്ങിയതെന്നും യുക്രെയ്‌നിലെ മാധ്യമങ്ങള്‍ ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോപണങ്ങളെ റസ്‌നികോവ് തള്ളി.