മുംബൈ- ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനെച്ചൊല്ലി കോലാഹലങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കെ, അമിതാഭ് ബച്ചന്‍, വീരേന്ദര്‍ സെവാഗ് തുടങ്ങിയ സെലിബ്രിറ്റികള്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയാതെ പറഞ്ഞു.
ബിഗ് ബി തന്റെ എക്‌സ് പോസ്റ്റില്‍ 'ഭാരത് മാതാ കീ ജയ്' എന്നാണ് എഴുതിയത്. ഒപ്പം ദേശീയ പതാകയുടെ ചിത്രവും. പേരുമാറ്റത്തിന് നടന്റെ വ്യക്തമായ പിന്തുണയായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു.
ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും 'ഭാരത്' എന്ന പേരിന് വേണ്ടി മുന്നോട്ട് വന്നിട്ടുണ്ട്, 'ടീം ഇന്ത്യ നഹിന്‍ #TeamBharat. എന്നാണ് അദ്ദേഹം എഴുതിയത്. ഈ ലോകകപ്പില്‍ കളിക്കാര്‍ ധരിക്കുന്നത് 'ഭാരത്' എന്നെഴുതിയ ജേഴ്‌സിയായിരിക്കണമെന്നും ബി.സി.സി.ഐ അധ്യക്ഷനും അമിത് ഷായുടെ മകനുമായ ജയ് ഷായെ അഭിസംബോധന ചെയ്ത് അദ്ദേഹം പോസ്റ്റ് ചെയ്തു.
എന്നാല്‍ എക്‌സിലെ ഒരു വ്യക്തി തന്റെ പോസ്റ്റിനോട് പ്രതികരിച്ചപ്പോള്‍ തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്ന് സെവാഗ് പറഞ്ഞു.
'എനിക്ക് രാഷ്ട്രീയത്തില്‍ തീരെ താല്‍പ്പര്യമില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ട് പ്രമുഖ പാര്‍ട്ടികളും സമീപിച്ചിട്ടുണ്ട്. അഭിനേതാക്കളും കായികതാരങ്ങളും രാഷ്ട്രീയത്തില്‍ വരരുത് എന്നതാണ് എന്റെ കാഴ്ചപ്പാട്. ക്രിക്കറ്റുമായി ഇടപഴകുന്നതും പാര്‍ട്ട് ടൈം എംപി ആകുന്നതും ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.