Sorry, you need to enable JavaScript to visit this website.

ജി20; ചൈനീസ്, റഷ്യന്‍ പ്രസിഡന്റുമാരുടെ അഭാവത്തെ കുറിച്ച് എസ്. ജയശങ്കര്‍

ന്യൂദല്‍ഹി- ഇന്ത്യയുടെ അധ്യക്ഷതയില്‍ ചേരുന്ന ജി20 ഉച്ചകോടിയില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. കോണ്‍ക്ലേവിലെ പ്രാതിനിധ്യത്തിന്റെ നിലവാരത്തേക്കാള്‍ പ്രധാന വിഷയങ്ങളില്‍ ഈ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാടിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ജയശങ്കര്‍ പറഞ്ഞു.

'രാജ്യങ്ങളെ പ്രതിനിധീകരിക്കാന്‍ അവര്‍ തെരഞ്ഞെടുത്തവര്‍ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. പ്രാതിനിധ്യത്തിന്റെ തലങ്ങള്‍ ഒരു രാജ്യത്തിന്റെ സ്ഥാനത്തിന്റെ അന്തിമ നിര്‍ണ്ണയമാകില്ല' ജയശങ്കര്‍ പറഞ്ഞു. ദൂരദര്‍ശനില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പങ്കെടുക്കില്ലെന്നും ചൈനീസ് പ്രതിനിധി സംഘത്തെ ലി ക്വിയാങ്ങ് നയിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

യുക്രൈനിലെ പ്രത്യേക സൈനിക നടപടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കേണ്ടതില്ലെന്ന തന്റെ തീരുമാനം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലും പുടിന്‍ പങ്കെടുത്തിരുന്നില്ല.

ഈ വര്‍ഷത്തെ ജി20 ഉച്ചകോടി അത് ഉണ്ടാക്കിയെടുത്ത ഫലങ്ങളുടെ പേരില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് ജയശങ്കര്‍ ദൂരദര്‍ശനിലെ ചര്‍ച്ചയില്‍ പറഞ്ഞു. ഇന്നത്തെ കത്തുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിഹാരങ്ങളിലും പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി20യുടെ നിലവിലെ അധ്യക്ഷന്‍ എന്ന നിലയിലാണ് ഇന്ത്യ സെപ്റ്റംബര്‍ 9, 10 തിയ്യതികളില്‍ ന്യൂഡല്‍ഹിയില്‍ വാര്‍ഷിക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ജി20 അംഗ രാജ്യങ്ങള്‍ ആഗോള ജി. ഡി. പിയുടെ 85 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും പ്രതിനിധീകരിക്കുന്നു.

അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, യു. കെ, യു. എസ്, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കൂട്ടായ്മ.

Latest News