കൊച്ചി - കള്ളപ്പണ ഇടപാട് കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ.
എം.പിയുടെ വീട്ടിലും ഓഫീസുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച ചില രേഖകൾ കണ്ടെടുത്തിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടത്.
ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതിലെ ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. മത്സ്യം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ ഏജൻസിയുമായി ലക്ഷ്വദ്വീപ് അഡ്മിനിസ്‌ട്രേഷൻ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന് നേതൃത്വം വഹിച്ചത് മുഹമ്മദ് ഫൈസലായിരുന്നു. എന്നാൽ, മത്സ്യം കയറ്റുമതി ചെയ്തില്ലെന്നും അഴിമതിയുണ്ടെന്നും ആരോപിച്ച് ഫൈസലിനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ റെയ്ഡിൽ പല പ്രധാന രേഖകളും കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ തുടരുന്നത്.