Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാർഷിക മേഖലക്ക് ആശ്വാസം പകർന്ന് മഴ

കാർഷിക കേരളം ആശ്വാസ മഴയുടെ തീരത്ത്. വരണ്ടുണങ്ങിയ ഭൂമി മലയാളത്തിന് ആശ്വാസമായി മഴമേഘങ്ങളെത്തി. കാലവർഷം തീർത്തും ദുർബലമായി ഉൽപാദന മേഖലയെ ശ്വാസം മുട്ടിച്ചതിനിടയിലാണ് കുളിരുപോലെ കർഷകർക്ക് മഴയുടെ വരപ്രസാദം. ഓണാഘോഷ വേളയിൽ വെളിച്ചെണ്ണ വിപണിയിൽ പിന്തള്ളപ്പെട്ടു. സുഗന്ധവ്യഞ്ജനങ്ങൾ ഉത്തരേന്ത്യൻ വാങ്ങലുകാരുടെ വരവിന് കാതോർക്കുന്നു. രാജ്യാന്തര റബർ മാർക്കറ്റിൽ കുതിച്ചുചാട്ടം. വിവാഹ പാർട്ടികൾ ആഭരണ കേന്ദ്രങ്ങൾക്ക് തിളക്കം പകർന്നു. 
ഒരു വ്യാഴവട്ടത്തിനിടയിൽ ആദ്യമായി ഓണവേളയിൽ വിപണിയിൽ വെളിച്ചെണ്ണ പൂർണമായി പിന്തള്ളപ്പെട്ടു. ഏറെ പ്രതീക്ഷയോടെയാണ് നാളികേര മേഖല ഉത്സവ ദിനങ്ങളിലെ വിൽപനക്ക് കാത്തിരുന്നത്. ചിങ്ങം ആദ്യ പകുതിയിൽ മികവ് നഷ്ടപ്പെട്ട നാളികേരോൽപന്നങ്ങൾക്ക് വരുംദിനങ്ങളിൽ തിരിച്ചടി നേരിടുമോയെന്ന ഭീതിയും തല ഉയർത്തുന്നു. അതേ സമയം മഴയുടെ വരവ് കൊപ്ര വില മെച്ചപ്പെടുത്താമെങ്കിലും കാര്യമായ മുന്നേറ്റത്തിന് ഇടയില്ല. 
ഓണ വിൽപനയിൽ നാടൻ വെളിച്ചെണ്ണക്ക് വിപണിയിൽ ഗ്രിപ്പ് കിട്ടിയില്ല. തമിഴ്‌നാട്ടിലെ വ്യവസായികൾ വില കുറച്ച് സ്റ്റോക്ക് ഇറക്കി. പാംഓയിൽ വില 8700 ലേക്ക് ഇടിഞ്ഞതും വെളിച്ചെണ്ണക്കും കൊപ്രക്കും ഭീഷണിയാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 12,500 രൂപയിലും കൊപ്ര 8150 രൂപയിലുമാണ്. 
ചൈനീസ് വ്യാവസായിക മേഖലയിലെ മരവിപ്പിനിടയിൽ റബർ അവധി വ്യാപാരത്തിൽ അലയടിച്ച വാങ്ങൽ താൽപര്യം വിപണിക്ക് പുത്തൻ ഉണർവ് സമ്മാനിച്ചു. ജാപ്പനീസ് എക്‌സ്‌ചേഞ്ചിലെ പുതിയ ബയ്യിങും ചൈനീസ് വ്യവസായികൾ വിൽപനകൾ തിരിച്ചുപിടിക്കാൻ മത്സരിച്ചതും സിംഗപ്പുർ എക്‌സ്‌ചേഞ്ചിലും റബറിന് നേട്ടമായി. 
ഓഗസ്റ്റ് മധ്യം മുതൽ വിപണി മുന്നേറാനുള്ള  ശ്രമത്തിലായിരുന്നു. 194 യെന്നിൽ സപ്പോർട്ട് കണ്ടത്തിയ ഡിസംബർ അവധി ഏറെ നിർണായകമായ 201 യെന്നിലെ പ്രതിരോധം തകർത്ത് ഓപറേറ്റർമാരെ മുൾമുനയിലാക്കി. അവസരം നേട്ടമാക്കാൻ നിക്ഷേപകർ കൂട്ടത്തോടെ നീങ്ങിയത് കണ്ട് ഊഹക്കച്ചവടക്കാരും രംഗത്ത് സജീവമായതോടെ റബർ വില കിലോ 221 യെന്നിലേക്ക് ഉയർന്നു. പുതിയ സാഹചര്യത്തിൽ 230 നെ ലക്ഷ്യമാക്കി നീങ്ങാം. വിദേശത്തെ വിലക്കയറ്റം ഇന്ത്യൻ വ്യവസായികളെ അസ്വസ്ഥരാക്കുന്നു. 
കേരളത്തിൽ റബർ ടാപ്പിങ് സജീവമായെങ്കിലും ചരക്ക് വരവ് നാമമാത്രം. ലഭ്യത ഉറപ്പ് വരുത്താൻ കമ്പനികൾ നാലാം ഗ്രേഡ് റബർ 14,600 ൽ നിന്നും 14,800 രൂപയാക്കി. ഓണം കഴിഞ്ഞ സാഹചര്യത്തിൽ അവർ കൂട്ടത്തോടെ വിൽപനക്ക് എത്തുമെന്ന കണക്കൂകൂട്ടലിലാണ് ടയർ ലോബി. അഞ്ചാം ഗ്രേഡ് റബർ 13,900-14,500 രൂപയായി കയറി.  
ഉത്സവ ആവശ്യങ്ങൾക്കുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് ഉത്തരേന്ത്യൻ വ്യവസായികൾ രംഗത്തുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം ഉൽപാദനം കുറയുമെന്ന് മനസ്സിലാക്കിയ അവർ താഴ്ന്ന വിലയ്ക്ക് ചരക്ക് കൈക്കലാക്കാൻ എല്ലാ അടവുകളും പയറ്റുന്നുണ്ടങ്കിലും കാര്യമായി ചരക്ക് ലഭിക്കുന്നില്ല. കാലവർഷം ദുർബലമായതിനാൽ അടുത്ത വർഷം കേരളത്തിലും കർണാടകത്തിലും കുരുമുളക് ഉൽപാദനം കുറയും. ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും വരൾച്ച മൂലം കൊടികളിൽ നിന്നും തിരികൾ കരിഞ്ഞ് ഉണങ്ങുന്നതായാണ് ആ മേഖലയിൽ നിന്നുള്ള വിവരം. ഉൽപാദനക്കുറവ് കണക്കിലെടുത്താൽ ജനുവരിക്ക് ശേഷം പുതിയ ഉയരങ്ങളിലേയ്ക്ക് തിരിയാം. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 8000 ഡോളർ.  
ഒരു നൂറ്റാണ്ടിലെ കേരള ചരിത്രം വിലയിരുത്തിയാൽ കാലവർഷം കർക്കടകത്തിലും ചിങ്ങം ആദ്യ പകുതിയിലും ഇത്ര മാത്രം ദുർബലമാകുന്നത് ഇതാദ്യം. ഓഗസ്റ്റിൽ ലഭിച്ചത് കേവലം ആറ് സെന്റി മീറ്റർ മഴ മാത്രം, സാധാരണ ഓഗസ്റ്റിൽ ലഭിക്കാറ് 42 സെന്റിമീറ്ററാണ്, 1911 ന് ശേഷം സംസ്ഥാനത്ത് മഴയുടെ അളവ് ഇത്ര മാസം ഓഗസ്റ്റിൽ കുറയുന്നത് ആദ്യം. പിന്നിട്ട രണ്ട് ദിവസമായി പല ഭാഗങ്ങളിലും ലഭ്യമായ മഴ ഏലത്തോട്ടങ്ങൾക്ക് ആശ്വാസമായെങ്കിലും ഇത് വരും മാസങ്ങളിൽ ഉൽപാദനം മെച്ചപ്പെടുത്താൻ ഇടയാക്കില്ലെന്നാണ് സൂചന. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ഏലക്കയിൽ താൽപര്യം കാണിച്ചു. വാരാന്ത്യം നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ 2652 രൂപയിലും ശരാശരി ഇനങ്ങൾ 1895 രൂപയിലുമാണ്. 
സ്വർണവില വീണ്ടും ഉയർന്നു. ആഭരണ കേന്ദ്രങ്ങളിൽ വിവാഹ പാർട്ടികളുടെ സജീവ സാന്നിധ്യം വിൽപന തോത് ഉയർത്തി. പവൻ 43,600 രൂപയിൽ നിന്നും  വാരാന്ത്യം 44,160 രൂപയായി കയറി. ഗ്രാമിന് വില 5520 രൂപ. 

Latest News