ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ ബുധനാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇംറാന്‍ ഖാന്‍ നയിക്കുന്ന പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുന്നു. 49 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ദേശീയ അസംബ്ലിയിലെ 272 സീറ്റില്‍ 120 സീറ്റിലും പി.ടി.ഐ ആണ് മുന്നിട്ടു നില്‍ക്കുന്നതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ കണക്കുകളെ ഉദ്ധരിച്ച് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണ ഉറപ്പിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം 137 സീറ്റാണ്. പാക്കിസ്ഥാനിലെ രണ്ടാമത്തെ പൂര്‍ണ ജനാധിപത്യ സര്‍ക്കാര്‍ പി.ടി.ഐയുടെ നിയന്ത്രണത്തിലാകുമെന്നും ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയാകുമെന്നും ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. മറ്റു പ്രധാന പാര്‍ട്ടികളായ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് 61 സീറ്റിലും പാക്കിസ്ഥാന്‍ പീപ്പ്ള്‍സ് പാര്‍ട്ടി 40 സീറ്റിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. 10.6 കോടി വോട്ടര്‍മാരില്‍ 55 ശതമാനത്തോളം പേര്‍ വോട്ടു രേഖപ്പെടുത്തിയതായി കണക്കാക്കപ്പെടുന്നു. ഔദ്യോഗിക ഫല പ്രഖ്യാപനം വരാനിരിക്കുന്നതെയുള്ളു.
വിജയം ഉറപ്പിച്ച ഇംറാന്‍ വ്യാഴാഴ്ച വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തു ടി.വിയില്‍ പ്രത്യക്ഷപ്പെട്ടു. നവ പാക്കിസ്ഥാനെ കെട്ടിപ്പടുക്കുമെന്നും അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതും ഇന്ത്യ ഒരു പടി മുന്നോട്ടു വന്നാല്‍ പാക്കിസ്ഥാന്‍ രണ്ടടി മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കാന്‍ മുന്തിയ പരിഗണന നല്‍കും. കശമീരിന്റെ പേരില്‍ ഇരുരാഷ്ട്രങ്ങളും തുടരുന്ന വാഗ്വാദങ്ങള്‍ തുടരാനാവില്ലെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ സാധാരണക്കാരുടെ ജീവിതം സുരക്ഷിതമാക്കാനും ഭരണ സംവിധാനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായിരിക്കും പി.ടി.ഐ സര്‍ക്കാര്‍ പ്രവര്‍ത്തികുക എന്നും അദ്ദേഹം പറഞഞു. ഭരണ സംവിധാനങ്ങളിലെ പ്രശനങ്ങള്‍ പരിഹരിക്കാതെ പാക്കിസ്ഥാനിലേക്ക് നിക്ഷേപങ്ങളെ ആകര്‍ഷിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ രാജ്യം ഇതുവരെ നയിക്കപ്പെട്ടതു പോലെ ആയിരിക്കില്ല ഇനി നയിക്കപ്പെടുക. ജനങ്ങളുടെ സ്വത്തിനു നികുതിക്കും കാവലുണ്ടാകുമെന്നും പ്രധാനമന്ത്രിയുടെ ആഢംബര വീട്ടില്‍ താന്‍ കഴിയില്ലെന്നും ജീവിതം സാധാരണക്കാരനെ പോലെ തന്നെ ആയിരിക്കുമെന്നും ഇംറാന്‍ പറഞ്ഞു.