Sorry, you need to enable JavaScript to visit this website.

ജി 20 ഉച്ചകോടി; 207 ട്രെയിനുകൾക്കു പിന്നാലെ 160 വിമാന സർവീസുകളും റദ്ദാക്കി, രാജ്യത്ത് കനത്ത സുരക്ഷാ മുൻകരുതൽ 

ന്യൂഡൽഹി - ഇന്ത്യ ആതിഥ്യമരുളുന്ന ജി ട്വന്റി ഉച്ചകോടിയുടെ സുരക്ഷാ ക്രമീകണങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് 207 ട്രെയിനുകൾ റദ്ദാക്കിയതിന് പിന്നാലെ 160 അഭ്യന്തര വിമാന സർവീസുകളും റദ്ദാക്കി. 
 ഡൽഹിയിൽ നിന്ന് പുറപ്പെടുന്നതും ഡൽഹിയിൽ എത്തുന്നതുമായ 160 ആഭ്യന്തര വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഒപ്പം റോഡ് ഗതാഗതത്തിലും കടുത്ത നിയന്ത്രണങ്ങളുണ്ടാവും. 
 ഈ മാസം എട്ടു മുതൽ 11 വരെയാണ് ഡൽഹി കേന്ദ്രീകരിച്ചുള്ള വിവിധ ട്രെയിൻ, സർവീസുകൾ റദ്ദാക്കിയത്. 160 അഭ്യന്തര വിമാന സർവീസുകളെയും ഏകദേശം മുന്നൂറോളം ട്രെയിനുകളെയും നിയന്ത്രണം വിവിധ തരത്തിൽ ബാധിക്കുമെന്നാണ് വിവരം.
 ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 160 ആഭ്യന്തര വിമാനങ്ങൾ സെപ്തംബർ 8, 9, 10 തിയ്യതികളിലേക്കായാണ് ഇപ്പോൾ റദ്ദാക്കിയിട്ടുള്ളത്. 11നും ചില നിയന്ത്രണങ്ങളുണ്ടായേക്കും. എന്നാൽ, നിയന്ത്രണങ്ങൾ അന്താരാഷ്ട്ര വിമാന സർവീസുകളെ പ്രതികൂലമായി ബാധിക്കില്ലെന്ന് എയർപോർട്ട് വൃത്തങ്ങളെ ഉദ്ധരിച്ച് ദി സ്‌റ്റേറ്റ്‌സ്മാൻ റിപോർട്ട് ചെയ്തു. 
 ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട സുരക്ഷാ പരിഗണനകളും ലോജിസ്റ്റിക് ആവശ്യകതകളും ഉച്ചകോടിക്ക് എത്തുന്ന പ്രതിനിധികളെ വഹിക്കുന്ന വിമാനങ്ങൾക്ക് സ്ഥലം അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിച്ചാണ് അഭ്യന്തര വിമാന സർവീസ് റദ്ദാക്കിയിട്ടുള്ളത്.
  അതിനിടെ, റെയിൽവേ 207 ട്രെയിനുകൾ റദ്ദാക്കിയതിന് പുറമെ, 15-ഓളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തിയിട്ടുമുണ്ട്. ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും. 36 ട്രെയിനുകൾ ഭാഗികമായി സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. 
  റദ്ദാക്കിയ ട്രെയിനുകളിൽ ഭൂരിഭാഗവും ഡൽഹിയിൽ നിന്ന് ദക്ഷിണ ഹരിയാനയിലെ സോനിപത് പാനിപ്പത്ത്, റോഹ്തക്, റെവാരി, പൽവാൽ റൂട്ടുകളിൽ  ഓടുന്നവയാണ്. ഡൽഹിയിൽനിന്ന് പുറപ്പെടുകയോ എത്തിച്ചേരുകയോ  ചെയ്യുന്ന നിരവധി ട്രെയിനുകൾ ഗാസിയാബാദിൽ നിന്നോ നിസാമുദ്ദീനിൽ നിന്നോ സർവീസ് ആരംഭിക്കും. ജമ്മു താവി-ന്യൂഡൽഹി രാജധാനി, തേജസ് രാജധാനി ഹസ്രത്ത് നിസാമുദ്ദീൻ, വാരണാസി ന്യൂഡൽഹി തേജസ് രാജധാനി എന്നിവയുൾപ്പെടെ 70 ട്രെയിനുകൾക്ക് യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് അധിക സ്റ്റോപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകൾ യാത്ര ചെയ്യാൻ പരമാവധി റോഡ് ഒഴിവാക്കി മെട്രോ ഉപയോഗിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കി.

Latest News