ന്യൂദൽഹി- ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പുകളും കൊണ്ടുവരാൻ ആലോചിക്കുന്നതായി കേന്ദ്രം. എല്ലാ തരത്തിലുള്ള തെരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താനാണ് നീക്കം. പാർലമെന്റ്, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്താനാകുമോ എന്നത് സംബന്ധിച്ച് സമിതി പഠനം നടത്തും. ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും മറ്റ് പ്രസക്തമായ നിയമങ്ങളിലും പ്രത്യേക ഭേദഗതികൾ പരിശോധിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യും.
ഭരണഘടനാ ഭേദഗതികൾക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോ എന്നും പരിശോധിക്കുമെന്ന് സർക്കാരിന്റെ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു. സമിതി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും എത്രയും വേഗം റിപ്പോർട്ട് നൽകുമെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം, സാധ്യതാ പഠനത്തിൽ പങ്കെടുക്കണമോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് പുതുതായി രൂപീകരിച്ച പ്രതിപക്ഷ ബ്ലോക്ക് ഇന്ത്യയുടെ സഖ്യകക്ഷികളുമായി കൂടിയാലോചിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ മാത്രമല്ല, മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളും ഒറ്റയടിക്ക് നടത്താനാകുമോ എന്ന് സമിതി പഠിക്കും. തൂക്കുസഭയോ അവിശ്വാസ പ്രമേയമോ കൂറുമാറ്റമോ അത്തരത്തിലുള്ള മറ്റേതെങ്കിലും സംഭവമോ ഉണ്ടായി സർക്കാർ വീഴുകയാണെങ്കിൽ സാധ്യമായ പരിഹാരം എന്ത് എന്നത് സംബന്ധിച്ചും പരിശോധന നടത്തും.
ദേശീയ, സംസ്ഥാന, തദ്ദേശ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സാധുതയുള്ള വോട്ടർമാർക്കുള്ള ഒറ്റ വോട്ടർ പട്ടികയും തിരിച്ചറിയൽ കാർഡും പരിശോധിക്കുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞു. ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്നതിന്റെ ആവശ്യകതയെക്കുറിച്ച് നിരവധി തവണ സംസാരിച്ചിട്ടുണ്ട്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രികയുടെ ഭാഗമായിരുന്നു ഒരു രാജ്യം ഒരു വോട്ടെടുപ്പ് എന്ന വാഗ്ദാനം.
1967 വരെ ഒരേസമയം വോട്ടെടുപ്പ് നടത്തുന്നത് ഇന്ത്യയിൽ പതിവായിരുന്നു. നാല് തിരഞ്ഞെടുപ്പുകൾ ഈ രീതിയിൽ നടന്നു. 196869 കാലഘട്ടത്തിൽ ചില സംസ്ഥാന അസംബ്ലികൾ അകാലത്തിൽ പിരിച്ചുവിട്ടതോടെ ഈ രീതി നിലച്ചു. 1970ൽ ഷെഡ്യൂളിന് ഒരു വർഷം മുമ്പ് ലോക്സഭയും ആദ്യമായി പിരിച്ചുവിടുകയും 1971ൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് പഠനം നടത്തുന്നതിനായി കേന്ദ്രം രൂപീകരിച്ച എട്ടംഗസമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരടക്കം ഒൻപത് അംഗങ്ങൾ. ചെയർമാനായ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമാണ് ഒൻപത് പേർ അംഗങ്ങളായുള്ളത്. മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആയിരുന്ന എൻ.കെ സിംഗ്, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ സുബാഷ് കശ്യപ്, സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ സമിതിയുടെ യോഗങ്ങളിൽ പങ്കെടുക്കും. കേന്ദ്ര നിയമ സെക്രട്ടറി നിതേൻ ചന്ദ്ര ആണ് സമിതിയുടെ സെക്രട്ടറി. ഈമാസം 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമനിർമാണം നടത്തിയേക്കുമെന്ന് അഭ്യൂഹത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.