ചൈനയിൽ ഫേസ്ബുക്കിന്റെ ബ്ലോക്ക് നീക്കാൻ ചൈനീസ് ഭാഷയായ മാൻഡരിൻ നന്നായി സംസാരിക്കുന്ന ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന് ഇനിയും സാധിച്ചിട്ടില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ പല തവണ കണ്ടു നോക്കി, നടന്നില്ല. പ്രസിഡന്റിനെ സോപ്പിടുന്നതിന്റെ ഭാഗമായി തന്റെ മകൾക്കൊരു ചൈനീസ് പേരു നിർദേശിക്കാൻ സക്കർബർഗ് ഷി ജിൻപിങിനോട് ആവശ്യപ്പെട്ടത് പാട്ടായിരുന്നു.
കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും സക്കർബർഗ് അടങ്ങിയിരിക്കുന്നില്ല. ഫേസ്ബുക്ക് ചൈനയിൽ അതിന്റെ അനുബന്ധ സ്ഥാപനം തുടങ്ങിയിരിക്കുന്നു. പേര് ലിയാൻഷു സയൻസ് ആന്റ് ടെക്‌നോളജി. ലിയാൻഷുവിന്റെ വാക്കർഥം ഫേസും ബുക്കും എന്നാണ്. 30 ദശലക്ഷം ഡോളർ മൂലധനത്തിലാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ചൈനയുടെ കോർപറേറ്റ് ഡാറ്റ് ബേസ് കാണിക്കുന്നു.
ഫേസ്ബുക്ക് ഹോങ്കോംഗ് ശാഖയുടേതാണ് മുഴുവൻ ഓഹരിയും. ഷാങ് ജിങ്ഹായി ലീഗൽ പ്രതിനിധിയും ഡേവിഡ് ക്ലിംഗ്, സൂസൻ ടെയ്‌ലർ എന്നിവർ ഡയരക്ടർമാരുമാണ്. ക്ലിംഗ് ഫേസ്ബുക്കിന്റെ വൈസ് പ്രസിഡന്റുമാരിലൊരാളും ടെയ്‌ലർ ചീഫ് അക്കൗണ്ടന്റുമാണ്. ചൈനക്കു വേണ്ടി ഫേസ്ബുക്ക് കഴിഞ്ഞ വർഷം ആരംഭിച്ച ഫോട്ടോ ഷെയറിംഗ് അപ്ലിക്കേഷനായ കളർഫുൾ ബലൂൺസിൽ വഹിക്കുന്ന അതേ ചുമതലയാണ് ഷാങിന് പുതിയ കമ്പനിയിലും. ഫേസ്ബുക്ക് മൊമെന്റ്‌സ് ആപ്പിന്റെ ചൈനീസ് പതിപ്പാണ് കളർഫുൾ ബലൂൺസ്.
2009 ൽ ഫേസ്ബുക്ക് നിരോധിച്ച ചൈനയുടെ ഗ്രേറ്റ് ഫയർവാൾ ഭേദിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു ഇത്.
ചൈനീസ് കിഴക്കൻ പട്ടണമായ ഹാങ്ഷുവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പുതിയ കമ്പനി ഐ.ടി നെറ്റ് വർക്ക് വികസനം, ടെക്‌നോളജി സേവനം, കൺസൾട്ടൻസി മേഖലകളിൽ പ്രവർത്തിക്കുമെന്നാണ് കോർപറേറ്റ് രേഖകളിൽ വ്യക്തമാക്കിയിരിക്കുന്നത്.