തിരുവനന്തപുരം-സിനിമ സീരിയല്‍ താരം അപര്‍ണാ നായരുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോലീസ്. ഭര്‍ത്താവുമായുളള കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. വ്യാഴാഴ്ച രാത്രിയാണ് അപര്‍ണയെ കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കുരുക്കിന്റെയല്ലാതെ മറ്റൊരു പാടും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
അപര്‍ണയും ഭര്‍ത്താവായ സഞ്ജിത്തും തമ്മില്‍ കുറച്ചുനാളായി പ്രശ്‌നങ്ങള്‍ പതിവായിരുന്നു എന്നും മരിച്ച ദിവസം സഞ്ജിത്ത് മദ്യപിച്ചെന്നാരോപിച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു എന്നും പോലീസ് അറിയിച്ചു. ഭര്‍ത്താവ് മകളെയും കൊണ്ട് പുറത്തേക്ക് പോയപ്പോള്‍ അപര്‍ണ തന്റെ അമ്മയെ വീഡിയോ കോള്‍ വിളിച്ചിരുന്നു. മകളുടെ സംസാരത്തില്‍ അസ്വാഭാവികത തോന്നിയ അമ്മ സഹോദരിയായ ഐശ്വര്യയെ വിവരം അറിയിച്ചു. അതിനെ തുടര്‍ന്ന് ഐശ്വര്യ ഉടന്‍തന്നെ അപര്‍ണയുടെ വീട്ടില്‍ എത്തുകയും വാതില്‍ തുറന്ന് അകത്ത് കയറാന്‍ ശ്രമിക്കുകയും ചെയ്തു.അത് സാധിക്കാതെ വന്നപ്പോള്‍ സഞ്ജിത്തിനെ വിളിച്ചുവരുത്തി.മുറി ബലമായി തുറന്ന് അകത്ത് കയറിയപ്പോഴേക്കും അപര്‍ണ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ അപര്‍ണയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല എന്നും കരമന പോലീസ് അറിയിച്ചു.