മുംബൈ - മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് പിന്നാലെ ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിനെ ഇ.ഡി അറസ്റ്റ് ചെയ്തു. കാനറ ബാങ്ക് നൽകിയ 538 കോടി രൂപയുടെ ക്രയവിക്രയത്തിലെ തിരിമറിയുടെ പേരിലാണ് അറസ്റ്റ്. മുംബൈയിലെ ഇ.ഡി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും.
74-കാരനായ നരേഷ് ഗോയലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എം.എൽ.എ) കേസ് ചുമത്തിയിതായി ഇ.ഡി പറഞ്ഞു. മുംബയിലെ തന്നെ പി.എം.എൽ.എ കോടതിയിൽ നരേഷിനെ ശനിയാഴ്ച്ച ഹാജരാക്കും. ശേഷം റിമാൻഡ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങാനാണ് ഇ.ഡി ശ്രമിക്കുക. രണ്ടര പതിറ്റാണ്ടു കാലമായി വ്യോമയാന രംഗത്ത് സജീവമായ ജെറ്റ് എയർവേസ് 1993-ലാണ് നരേഷും ഭാര്യയും ചേർന്ന് ആരംഭിച്ചത്.
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളിലൊന്നായിരുന്ന ജെറ്റ് എയർവെയ്‌സ് കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2019ൽ പ്രവർത്തനമവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ മെയിൽ നരേഷ് ഗോയലിന്റെയും ഭാര്യ അനിതാ ഗോയലിന്റെയും കമ്പനി മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടിയുടെയും വസതികളിലും ഓഫീസുകളിലും സി.ബി.ഐ റെയഡ് നടത്തി കേസെടുത്തിരുന്നു.