ബെംഗളൂരു- ഇസ്‌റോ ശാസ്ത്രജ്ഞനെ ജോലിക്ക് പോകുന്നതിനിടെ അധിക്ഷേപിച്ചതായി പരാതി. ബെംഗളൂരുവിലെ ജോലിസ്ഥലത്തേക്ക് വാഹനത്തില്‍ പോകുന്നതിനിടെ ഒരാള്‍ ആക്രമിക്കുകയായിരുന്നെന്ന് ശാസ്ത്രജ്ഞനായ ആശിഷ് ലംബ പറയുന്നു. ഇതുസംബന്ധിച്ച വിവരം അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ജോലിക്കായി ഇസ്‌റോയിലേക്ക് കാറോടിച്ചു പോകുകയായിരുന്നു ആശിഷ് ലംബ. ഇതിനിടെ ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറിലെത്തിയ ഒരാള്‍ പൊടുന്നനെ കാറിനെ വെട്ടിച്ച് മുന്നേറി. ഇതോടെ കാര്‍ സഡന്‍ ബ്രേക്കിട്ട് അപകടം ഒഴിവാക്കി. എന്നാല്‍, സ്‌കൂട്ടര്‍ യാത്രികന്‍ വാഹനം നിര്‍ത്തി അധിക്ഷേപങ്ങള്‍ നടത്തി. ഇതിന്റെ വീഡിയോ കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
സ്‌കൂട്ടര്‍ യാത്രികന്‍ കാറിനടുത്തെത്തി ശകാരിക്കുകയും കാറിന്റെ ടയറുകള്‍ ദേഷ്യത്തോടെ ചവിട്ടുകയും ചെയ്തതായി ആശിഷ് ആരോപിക്കുന്നു. സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.