ഇസ്‌ലാമാബാദ്- പാകിസ്ഥാനില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പെട്രോളിന്റെയും ഡീസലിന്റെയും വില മുന്നൂറ് പാകിസ്ഥാനി രൂപ കടന്നു. പാക് ധനമന്ത്രാലയമാണ് വിലവര്‍ധന എക്‌സിലൂടെ അറിയിച്ചത്.
പെട്രോളിന്റെ വില 14.91 രൂപ വര്‍ധിപ്പിച്ചതോടെ 305.36 രൂപ ആയി. ഹൈസ്പീഡ് ഡീസലിന്റെ വില 18.44 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ ഹൈസ്പീഡ് ഡീസലിന് 311.84 രൂപയായി. അതേസമയം, മണ്ണെണ്ണയുടെയും ലൈറ്റ് ഡീസലിന്റെയും വിലയില്‍ മാറ്റമില്ല.
പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാന്‍ കടന്നുപോകുന്നത്. ഈയടുത്ത് കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പണപ്പെരുപ്പത്തിനും പലിശനിരക്ക് വര്‍ധനയിലേക്കും നയിച്ചിരുന്നു. ഇതോടെ സാധാരണക്കാരും വ്യാപാരമേഖലയും കടുത്ത ദുരിതത്തിലായി.
പാകിസ്ഥാന്‍ രൂപയുടെ വിനിമയമൂല്യം തുടര്‍ച്ചയായി ഇടിഞ്ഞതോടെയാണ് പലിശ നിരക്ക് ഉയര്‍ത്താന്‍ രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്ക് നിര്‍ബന്ധിതമായത്. ഡോളറിനെതിരായ പാകിസ്ഥാന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായ 305.6 ലേക്ക് എത്തിയിട്ടുണ്ട്.