Sorry, you need to enable JavaScript to visit this website.

ആദിത്യ എല്‍1 ശനിയാഴ്ച ബഹിരാകാശത്തേക്ക്, പൂജ നടത്തി ശാസ്ത്രജ്ഞര്‍

അമരാവതി- സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശാധിഷ്ഠിത ദൗത്യമായ ആദിത്യ എല്‍1 ശനിയാഴ്ച വിക്ഷേപിക്കും. രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റിലാണ് വിക്ഷേപണം. സുര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യങ്ങളെങ്കിലും സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തെക്കുറിച്ച് സുപ്രധാനവിവരങ്ങള്‍ ലഭ്യമാക്കാനും ദൗത്യത്തിന് സാധ്യമാകുമെന്നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടനയായ ഇസ്‌റോയുടെ പ്രതീക്ഷ.
ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിക്കുകയാണെന്നും ആദിത്യ എല്‍1 ന്റെ വിക്ഷേപണം ശനിയാഴ്ച രാവിലെ 11.50 ഓടെ നടക്കുമെന്നും ഇസ്‌റോ ചെയര്‍മാന്‍ എസ്. സോമനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. സൂര്യനെക്കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍1 പേടകം ലക്ഷ്യമിടുന്നതെന്നും എല്‍1 പോയിന്റില്‍ എത്തിച്ചേരാന്‍ 125 ദിവസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍4 നെ കുറിച്ച് ഇതുവരെ അന്തിമ തീരുമായിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ആദിത്യ എല്‍ 1ന് ശേഷം ഗഗന്‍യാന്‍ ആകും അടുത്ത ദൗത്യമെന്നും കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ആദ്യവാരം ഗഗന്‍യാന്‍ വിക്ഷേപണം നടക്കുമെന്നും അറിയിച്ചു.
ആദിത്യ എല്‍1 ന്റെ വിക്ഷേപണത്തോടനുബന്ധിച്ച് ഡോ. എസ്. സോമനാഥ് തിരുപ്പതി ജില്ലയിലെ ചെങ്കാളമ്മ പരമേശ്വരി ക്ഷേത്രത്തിലെത്തി പ്രാര്‍ഥനയും പൂജയും നടത്തി. ആദിത്യ എല്‍1 വിജയകരമാകാന്‍ ഇസ്‌റോയുടെ ഒരുസംഘം ശാസ്ത്രജ്ഞര്‍ തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പേടകത്തിന്റെ ചെറുമാതൃകയുമായെത്തി പൂജ നടത്തി.
ആദിത്യ എല്‍1 പേടകത്തിലെ പ്രധാന പേലോഡ് ആയ വിസിബിള്‍ എമിഷന്‍ ലൈന്‍ കോറോണഗ്രാഫ് (വി.ഇ.എല്‍.സി.) ദിവസേന 1440 ചിത്രങ്ങള്‍ പകര്‍ത്തി ഗ്രൗണ്ട് സ്‌റ്റേഷനിലേക്ക് അയക്കുമെന്ന് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ പറഞ്ഞു. ആദിത്യ എല്‍1 ലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതും സാങ്കേതികമായി ഏറെ വെല്ലുവിളി നിറഞ്ഞതുമായ പേലോഡാണ് വി.ഇ.എല്‍.സി. ഇസ്‌റോയുമായി സഹകരിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് എജ്യുക്കേഷന്‍ ഇന്‍ സയന്‍സ് ടെക്‌നോളജി (ക്രെസ്റ്റ്) കാംപസിലാണ് ഈ സംവിധാനം ഒരുക്കിയത്.
സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11.50ന് പി.എസ്എല്‍.വി.സി57 റോക്കറ്റിലാണ് ആദിത്യ എല്‍1ന്റെ വിക്ഷേപണം. സൂര്യനെ കുറിച്ച് പഠിക്കാന്‍ ഏഴ് പേലോഡുകളാണ് പേടകത്തിലുള്ളത്. ഇതില്‍ നാലെണ്ണം സൂര്യനില്‍നിന്നുള്ള പ്രകാശത്തെ നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തികവലയം എന്നിവയെ കുറിച്ചുള്ള പഠനങ്ങള്‍ നടത്തും.
'ഓരോ മിനിറ്റിലും ഓരോ ചിത്രം വീതം ആദിത്യ എല്‍1 ഭൂമിയിലേക്ക് അയക്കും. അതായത് 24 മണിക്കൂറില്‍ 1440 ചിത്രങ്ങള്‍.'- ആദിത്യ എല്‍1 പ്രൊജക്ട് സയന്റിസ്റ്റും വി.ഇ.എ.ല്‍സിയുടെ ഓപ്പറേഷന്‍ മാനേജറുമായ ഡോ. മുത്തു പ്രിയല്‍ പറഞ്ഞു.
ഇസ്‌റോയുടെ ഇന്ത്യന്‍ സ്‌പേസ് സയന്‍സ് ഡാറ്റാ സെന്ററില്‍ (ഐഎസ്എസ്ഡിസി) നിന്ന് ലഭിക്കുന്ന ഡാറ്റ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ സെന്ററിലെത്തുകയും അവിടെനിന്ന് ശാസ്ത്രവിശകലനത്തിന് അനുയോജ്യമാകും വിധം ഡാറ്റയെ മാറ്റുകയും ചെയ്യും. ഇത് വീണ്ടും ഐഎസ്എസ്ഡിസിയിലേക്ക് അയക്കും.
കൊറോണല്‍ മാസ് ഇജക്ഷന്‍ സ്വമേധയാ തിരിച്ചറിയുന്നതിനുള്ള പ്രത്യേക സോഫ്റ്റ് വെയറും ഐ.ഐ.എ. ഒരുക്കിയിട്ടുണ്ട്. അതിവേഗം ശേഖരിക്കുന്ന ഈ ഡാറ്റ 24 മണിക്കൂറിനുള്ളില്‍ ശാസ്ത്രപരിശോധനകള്‍ക്കായി ലഭ്യമാകുമെന്നും മുത്തു പ്രിയല്‍ പറഞ്ഞു.

 

Latest News