Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി ചര്‍ച്ചക്ക് സമ്മതിച്ചു; മറാത്ത സംവരണ പ്രക്ഷോഭം പിന്‍വലിച്ചു

മുംബൈ- മഹരാഷ്ട്രയില്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്ത സംവരണം ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം പിന്‍വലിച്ചു. സമരക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ദിവസങ്ങളായി അക്രമാസക്തമായി തുടരുന്ന സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ പ്രഖ്യാപിച്ച ബന്ദില്‍ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറി.
കഴിഞ്ഞ ദിവസം ആത്മഹത്യാശ്രമം നടത്തിയ സമരക്കാരിലൊരാളായ ജഗന്നാഥ് സോനാവ്‌നേ ഇന്നലെ മരിച്ചു. പ്രക്ഷോഭകരിലെ സാകല്‍ മറാത്ത സമാജാണ് നവി മുംബൈയിലും പനവേലിലും ഇന്നലെ ബന്ദ് നടത്തിയിരുന്നത്. കലംബോലി മേഖലയില്‍ മുംബൈ-പൂനെ എക്‌സ്പ്രസ് വേ തടഞ്ഞ സമരക്കാര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. നിരവധി ബസുകള്‍ക്കും കടകള്‍ക്കും നേരെ കല്ലേറുണ്ടായി.
മറാത്ത്‌വാഡ മേഖലയിലെ എട്ട് ജില്ലകളിലായിരുന്നു ബന്ദ്.  നിരവധി സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ തീയിട്ടു. കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമരക്കാരില്‍ ഒരാള്‍ ആത്മഹുതി ചെയ്തതിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ പിന്നിട്ട സമരം കൂടുതല്‍ അക്രമാസക്തമായിരുന്നത്. സംവരണ പ്രക്ഷോഭത്തിനിടെ യുവാവ് പുഴയില്‍ച്ചാടി മരിച്ചതിനു പിന്നാലെയാണു ബന്ദ് പ്രഖ്യാപിച്ചത്. ഏറെക്കാലത്തെ ആവശ്യമായ തൊഴില്‍, വിദ്യാഭ്യാസ സംവരണം അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് മറാത്തകള്‍ ഔറംഗാബാദില്‍ നടത്തിയ സമ്മേളനത്തിനിടെ കാക്കാസാഹെബ് ദത്താത്രേയ ഷിന്‍ഡെ (28) എന്ന  യുവാവാണു തിങ്കളാഴ്ച നദിയില്‍ ചാടി ജീവനൊടുക്കിയത്. ഷിന്‍ഡെയുടെ പാത പിന്തുടര്‍ന്ന ഔറംഗാബാദില്‍ രണ്ടു യുവാക്കള്‍ നദീതടത്തിലേക്കു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു.
 കഞ്ചൂര്‍മാര്‍ഗ്, ഭന്‍ഡപ് മേഖലകളില്‍ രണ്ടു ബസുകള്‍ പ്രക്ഷോഭക്കാര്‍ തകര്‍ത്തു. ലാത്തൂരിലെ ഉദ്ഗിറില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ബലമായി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതും പച്ചക്കറി വാഹനം തകര്‍ക്കാന്‍ ശ്രമിച്ചതുമാണ് പ്രശ്‌നത്തിനു കാരണം.

 

Latest News