ടൊറന്റോ- 50 ലക്ഷം തേനീച്ചകളെ കയറ്റിയ ട്രക്കിൽനിന്ന് തേനീച്ച പെട്ടികൾ റോഡിലേക്ക് വീണതിനെ തുടർന്ന് റോഡ് മുഴുവൻ തേനീച്ചകൾ വ്യാപിച്ചു. ടൊറന്റോയുടെ പടിഞ്ഞാറാണ് സംഭവം. കാറിന്റെ ഗ്ലാസുകൾ അടച്ചിടാൻ ഡ്രൈവർമാർക്ക് പോലീസ് നിർദേശം നൽകി. ടൊറന്റോയുടെ പടിഞ്ഞാറ് ഒന്റാറിയോയിലെ ബർലിംഗ്ടണിലെ ഡുണ്ടാസ് സ്ട്രീറ്റിന് വടക്കുള്ള ഗൾഫ് ലൈനിലേക്കാണ് ട്രക്കിൽ നിന്നുള്ള തേനീച്ച പെട്ടികൾ അഴിഞ്ഞുവീണതെന്ന് ഹാൾട്ടൺ റീജിയണൽ പോലീസ് പറഞ്ഞു.
ഡ്രൈവർമാർ കടന്നുപോകുമ്പോൾ വിൻഡോകൾ അടയ്ക്കാനും കാൽനടയാത്രക്കാർ പ്രദേശം ഒഴിവാക്കാനും പോലീസ്മു ന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ പോലീസ് നോട്ടീസ് നൽകി ഏകദേശം ഒരു മണിക്കൂറിന് ശേഷം തേനീച്ച വളർത്തുന്ന നിരവധി പേർ സഹായ വാഗ്ദാനവുമായി പോലീസുമായി ബന്ധപ്പെട്ടു. ആറോ ഏഴോ തേനീച്ച വളർത്തുന്നവർ ഒടുവിൽ സംഭവസ്ഥലത്തെത്തിയതായി ആൻഡേഴ്സൺ പറഞ്ഞു.
അഞ്ച് ദശലക്ഷം തേനീച്ചകളിൽ ഭൂരിഭാഗത്തേയും സുരക്ഷിതമായി ശേഖരിച്ചുവെന്നും ബാക്കി തേനീച്ചകൾക്ക് സ്വയം മടങ്ങാൻ ചില പെട്ടികൾ സ്ഥലത്ത് പേക്ഷിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വേനൽക്കാലത്ത് തേനീച്ചകളുടെ ഒരു കോളനിയിൽ ഏകദേശം 50,000 മുതൽ 80,000 വരെ തേനീച്ചകൾ ഉണ്ടാകുമെന്നാണ് തേനീച്ച വളർത്തുന്നവരുടെ ദേശീയ സംഘടനയായ കനേഡിയൻ ഹണി കൗൺസിലിന്റെ അഭിപ്രായം.