ഗോണ്ട- ഉത്തര്‍പ്രദേശില്‍ കവര്‍ച്ച കേസില്‍ പ്രതിയായ ഒരാള്‍ കഴുത്തില്‍ തൂക്കിയ പ്ലക്കാര്‍ഡുമായി പോലീസിന് മുന്നില്‍ കീഴടങ്ങി, 'ഞാന്‍ കീഴടങ്ങാന്‍ വന്നിരിക്കുന്നു, എന്നെ വെടിവയ്ക്കരുത്' എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.
അങ്കിത് വര്‍മ എന്ന ഇയാള്‍ ആറ് മാസമായി ഒളിവിലാണ്. 'കുറ്റവാളികള്‍ക്കിടയില്‍ പോലീസിനോടുള്ള ഭയത്തിന്റെ ഫലമാണ് അവര്‍ കീഴടങ്ങുന്നതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ (സി.ഒ) നവീന ശുക്ല അവകാശപ്പെട്ടു. കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കാതെ വകവരുത്തുന്ന പരിപാടി യു.പി പോലീസ് നിരന്തരം കൈക്കൊള്ളുന്നുണ്ട്.
ചൊവ്വാഴ്ച, കഴുത്തില്‍ തൂക്കിയ പ്ലക്കാര്‍ഡുമായി ഛാപിയ പോലീസ് സ്റ്റേഷനിലെത്തിയ വര്‍മ, 'ഞാന്‍ കീഴടങ്ങാന്‍ വന്നതാണ്, എന്നെ വെടിവെക്കരുത്,' എന്ന് പറഞ്ഞു. പ്ലക്കാര്‍ഡില്‍ കൈപ്പടയിലെഴുതിയ ഇതേ സന്ദേശം ഉണ്ടായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
മഹുലി ഖോരി ഗ്രാമത്തിലെ അമര്‍ജിത് ചൗഹാന് ഫെബ്രുവരി 20 ന് കോളേജില്‍നിന്ന് മോട്ടോര്‍ സൈക്കിളില്‍ മടങ്ങുമ്പോള്‍ പിപ്രാഹി പാലത്തിന് സമീപം രണ്ട് പേര് തടഞ്ഞുനിര്‍ത്തി ഇരുചക്രവാഹനവും മൊബൈല്‍ ഫോണും വാലറ്റും തോക്ക് ചൂണ്ടി കൊള്ളയടിച്ച കേസിലാണ് ഇയാള്‍ കീഴടങ്ങിയത്.
ഇയാളെ അറസ്റ്റ് ചെയ്തതായും മറ്റ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായും സ്റ്റേഷന് ഹൗസ് ഓഫീസര്‍ സുരേഷ് കുമാര്‍ വര്‍മ പറഞ്ഞു.