ഹൈദരാബാദ്- ഹൈദരാബാദിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പോലീസ്, സൈബരാബാദ് പോലീസ് കമ്മീഷണർ എന്നിവരോട് 48 മണിക്കൂറിനുള്ളിൽ സംഭവത്തെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് ഗവർണർ ആവശ്യപ്പെട്ടതായി രാജ്ഭവൻ പ്രസ്താവനയിൽ അറിയിച്ചു.
സൈബരാബാദ് പോലീസ് കമ്മീഷണറേറ്റിന്റെ പരിധിയിലുള്ള ഗച്ചിബൗളി പോലീസ് സ്റ്റേഷൻ പ്രദേശമായ നക്രംഗുഡയിലാണ് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്.
അതിനിടെ മറ്റൊരു സംഭവത്തിൽ, നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് തെലങ്കാന കോൺഗ്രസ് നേതാവ് കുമ്പം ശിവകുമാർ റെഡ്ഡിക്കെതിരെ ബെംഗളൂരുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കബ്ബൺ പാർക്ക് പോലീസ് പരിധിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇയാൾ പെൺകുട്ടിയെ ഹോട്ടലിൽ കൊണ്ടുവന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി.
റെഡ്ഡി നേരത്സതെ മാനമായ ആരോപണം നേരിട്ടിരുന്നു. ഹൈദരാബാദിലെ പഞ്ചഗുട്ട പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട കോൺഗ്രസ് നേതാവാണ് കുമ്പം ശിവകുമാർ റെഡ്ഡി.