ന്യൂദൽഹി- മെസേജിഗ് ആപ്പായ ടെലിഗ്രാമിൽ തങ്ങളുടെ ഫോൺ നമ്പറുകൾ നിരോധിച്ചുവെന്ന പരാതികളുമായി നിരവധി ഉപയോക്താക്കൾ. എക്സിലാണ് കൂടുതൽ പേരും പരാതി കുറിച്ചിരിക്കുന്നത്.
ഉപയോക്താക്കളിൽ ചിലർ സഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ തങ്ങളുടെ ഫോൺ നമ്പറുകൾ പോലും പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സൈബർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ടെലിഗ്രാം നമ്പർ ഒരു കാരണവുമില്ലാതെ നിരോധിച്ചിരിക്കയാണെന്നും . എത്രയും വേഗം സഹായം ആവശ്യമാണെന്നും ഒരു ഉപയോക്താവ് എക്സിൽ കുറിച്ചു. മൊബൈൽ ഫോൺ നമ്പർ ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴാണ് ഇത് നിരോധിച്ചതായി ടെലിഗ്രാം പറയുന്നത്. മൂന്നാം കക്ഷി ആപ്ലിക്കേഷനുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും തെറ്റായ കാര്യമൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ ദയവായി തന്നെ വിലക്കരുതെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു.
മൂന്നു വർഷമായി ടെലിഗ്രാം ഉപയോഗിക്കുന്നുവെന്നും ങ്ങളുടെ എല്ലാ സേവനങ്ങളും ആസ്വദിക്കുന്നുവെന്നും സേവനത്തെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞാണ് ഒരാളുടെ പരാതി. മറ്റൊരു മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് രണ്ടാമത്തെ ടെലിഗ്രാം അക്കൗണ്ട് ആരംഭിക്കാൻ ശ്രമിച്ചപ്പോഴാണ് അത് നിരോധിച്ചതായി ടെലിഗ്രാം പറയുന്നതെന്നും ഉപയോക്താവ് പറഞ്ഞു. .
കൂടാതെ, ആപ്പിൽ ഒന്നിലധികം അറിയിപ്പുകൾ ലഭിച്ചതിന് ശേഷം ടെലിഗ്രാമിൽ ചേർന്നിട്ടുണ്ടോ എന്ന് ഒരു ഉപയോക്താവ് സുഹൃത്തുക്കളോട് ചോദിച്ചപ്പോൾ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്തുകൊണ്ടാണ് ഉപയോക്താക്കൾ ടെലിഗ്രാമിൽ വിലക്കപ്പെടുന്നത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.