ബെയ്ജിംഗ്-നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി ധനസഹായം പ്രഖ്യാപിച്ച് കിഴക്കന്‍ ചൈനയിലെ പ്രാദേശിക ഭരണകൂടം.ദമ്പതികളില്‍ വധുവിന് പ്രായം 25 വയസോ അതില്‍ താഴെയോ ആണെങ്കില്‍ 1,000 യുവാനാണ് (11,000 രൂപ) ലഭിക്കുക. ചാങ്ഷാന് കൗണ്ടിയുടെ വീചാറ്റ് അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച നോട്ടീസ് പ്രസിദ്ധീകരിച്ചത്. ജനനനിരക്ക് കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ യുവാക്കളെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് പുതിയ നടപടി.
ആദ്യ വിവാഹങ്ങള്‍ക്ക് 'പ്രായത്തിന് അനുയോജ്യമായ വിവാഹവും കുട്ടികളെ പ്രസവിക്കുന്നതും' പ്രോത്സാഹിപ്പിക്കാനാണ് പ്രതിഫലമെന്ന് നോട്ടീസില്‍ പറയുന്നു. ഗര്‍ഭം ധരിച്ച സ്ത്രീകള്‍ക്ക് സഹായം, ശിശു സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസ സബ്സിഡി എന്നിവയും നല്കുന്നു.
ആറ് പതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈനയിലെ ജനസംഖ്യയില്‍ ഇടിവുണ്ടായത്. ഈ സാഹചര്യത്തില്‍ വിവിധ പദ്ധതികളാണ് അധികൃതര്‍ ആവിഷ്കരിക്കുന്നത്. വിവാഹിതരാകുന്ന ദമ്പതികളുടെ എണ്ണം കുറയുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് സാമ്പത്തിക പ്രോത്സാഹനങ്ങളും മെച്ചപ്പെട്ട ശിശുസംരക്ഷണ സൗകര്യങ്ങളും ഉള്‍പ്പെടെ ജനനനിരക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളിലാണ് അധികാരികളുടെ ശ്രദ്ധ.