കാലിക്കടത്ത് ആരോപിച്ച് നാല് പേരെ അക്രമിസംഘം തല്ലിച്ചതച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥ് നടത്തിയ പ്രസ്താവന വിവാദമായി. മനുഷ്യനും പശുവിനും ഒരേ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഇരുവിഭാഗങ്ങളെയും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കടത്തിന്റെ പേരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് കോണ്‍ഗ്രസ് അനാവശ്യ പ്രാധാന്യം കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ സംസ്ഥാനം എല്ലാവരെയും സംരക്ഷിക്കാന്‍ തയ്യാറാണ്. മനുഷ്യരെയും പശുക്കളെയും സംരക്ഷിക്കണം. ഇരുവിഭാഗങ്ങള്‍ക്കും പ്രകൃതിയില്‍ നിര്‍ണായക സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വ്യക്തികളും സമുദായങ്ങളും മതങ്ങളും മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കണം. ഇതിനെ ആള്‍ക്കൂട്ട ആക്രമണമെന്ന് വിളിക്കാന്‍ തുടങ്ങിയാല്‍ 1984ലെ സിഖ് വിരുദ്ധ കലാപത്തെ എന്തുവിളിക്കുമെന്നും അദ്ദേഹം ചോദിച്ചു.
2015ല്‍ മുഹമ്മദ് അഖ്‌ലാഖില്‍ തുടങ്ങി കാലിക്കടത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ 11 ആള്‍ക്കൂട്ട മര്‍ദ്ദനങ്ങള്‍ നടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ലക്നൗവില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ ഹത്രാസ് ജില്ലയില്‍ ബുധനാഴ്ച രാവിലെ നാല് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതാണ് ഒടുവിലത്തെ സംഭവം.