ന്യൂദല്‍ഹി - ഇന്ത്യയുടെ ഭൂഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ചൈനയുടെ ഭൂപടം. ഇത്തരം പ്രവൃത്തികള്‍ ചൈനയുടെ ശീലമാണെന്നും മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് പുറത്തിറക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പറഞ്ഞു. എന്‍.ഡി.ടിവിയുമായുള്ള അഭിമുഖത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അവരുടേതല്ലാത്ത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടങ്ങള്‍ പുറത്തിറക്കാറുണ്ട്. അത് അവരുടെ പണ്ടുതൊട്ടേയുള്ള ശീലമാണ്. ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടങ്ങള്‍ പുറത്തിറക്കി അവര്‍ക്കൊരു മാറ്റവും വരുത്താനാകില്ല. നമ്മുടെ ഭൂപ്രദേശത്തെ സംബന്ധിച്ച് കൃത്യമായ ധാരണ സര്‍ക്കാരിനുണ്ട്. മറ്റുള്ളവരുടെ പ്രദേശങ്ങള്‍ സ്വന്തമാക്കി ചിത്രീകരിച്ച് ചൈന അസംബന്ധ വാദങ്ങള്‍ ഉന്നയിക്കരുതെന്നും ജയ്ശങ്കര്‍ പറഞ്ഞു.
ചൈന ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, 1962 ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ അക്‌സായ് ചിന്‍ എന്നീ പ്രദേശങ്ങള്‍ ചൈന ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പരമാധികാരമുള്ള രാജ്യം എന്ന് അവകാശപ്പെടുന്ന തയ്‌വാന്‍, സൗത്ത് ചൈനാക്കടലിന്റെ വലിയ ഭാഗമാണെന്നവകാശപ്പെടുന്ന നയന്‍ ഡാഷ് ലൈന്‍ എന്നിവയും ചൈന പുറത്തിറക്കിയ ഭൂപടത്തിലുണ്ട്.