Sorry, you need to enable JavaScript to visit this website.

ഭാഗ്യം വന്നു വിളിച്ചപ്പോൾ

നൃത്തവഴിയിൽനിന്നും അഭിനയരംഗത്തെത്തിയതാണ് ഷംന കാസിം. മൂന്നാം വയസ്സു മുതൽ ചിലങ്കയുടെ താളം ഹൃദയത്തിൽ ചേർത്തുവച്ച ഈ കണ്ണൂർകാരിക്ക് അമൃത ടി.വിയിലെ സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിലെ വിജയമാണ് സിനിമയിലേയ്ക്ക് വഴിതെളിച്ചത്. 
തിരക്കഥാകൃത്തായ സേതുവിന്റെ കന്നിസംരംഭമായ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലാണ് ഷംന ഇപ്പോൾ വേഷമിടുന്നത്. മമ്മൂട്ടിയും അനു സിത്താരയും റായ് ലക്ഷ്മിയുമെല്ലാമുള്ള ഈ ചിത്രത്തിൽ നീന എന്ന പൊലീസ് വേഷമാണ് ഷംനക്ക്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും. കൂടാതെ സുരേഷ് ദിവാകരൻ സംവിധാനം ചെയ്യുന്ന ആനക്കള്ളൻ എന്ന ചിത്രത്തിൽ ബിജു മേനോന്റെ നായികയായും വേഷമിടുന്നു. അനുശ്രീയാണ് ചിത്രത്തിലെ മറ്റൊരു നായിക. ഹാസ്യരസ പ്രധാനമാണ് ഈ ചിത്രവും. 
കണ്ണൂർ മരക്കാർകണ്ടി വെറ്റിലപ്പള്ളി ഷെരീഫാസിൽ കാസിമിന്റെയും റൗലാബിയുടെയും അഞ്ചു മക്കളിൽ ഇളയവളാണ് ഷംന. മലയാളത്തിൽ വീണ്ടും സജീവമാകുന്ന ഷംന സിനിമാ ജീവിതത്തിലേയ്ക്കുള്ള കടന്നുവരവിനെക്കുറിച്ചും പുതിയ സിനിമാ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ്.
'യാതൊരു സിനിമാ പശ്ചാത്തലവുമില്ലാത്ത കുടുംബം. ഒരു വാരികയുടെ മുഖചിത്രമായി എന്റെ ഫോട്ടോ വന്നതു കണ്ടാണ് ആന്റോ ജോസഫ് സാർ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലേയ്ക്ക് ക്ഷണിച്ചത്. നായികയുടെ സുഹൃത്തായ ധന്യ എന്ന കഥാപാത്രത്തിനാണ് ഭാവം പകർന്നത്. അതൊരു തുടക്കമായിരുന്നു.'
മാതാപിതാക്കളുടെയും സഹോദരങ്ങളുടെ പ്രോത്സാഹനമാണ് തനിക്ക് സിനിമയിലേയ്ക്ക് വഴിതെളിച്ചത്. ആദ്യകാലത്ത് കുടുബത്തിൽനിന്നും ചില എതിർപ്പുകളുണ്ടായിരുന്നെങ്കിലും മാതാപിതാക്കൾ എന്നോടൊപ്പംനിന്നു.


ആദ്യചിത്രം മഞ്ഞുപോലൊരു പെൺകുട്ടിയാണെങ്കിലും ശ്രദ്ധിക്കപ്പെട്ടത് പച്ചക്കുതിരയിലെ ഗോപിക ച്ചേച്ചിയുടെ അനുജത്തിയായ രാജിയുടെ വേഷത്തിലൂടെയാണ്. പിന്നീടും ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിലനിന്നു. അലിഭായിലെ കിങ്ങിണിയും ഫഌഷിലെ മച്ചിയും കോളേജ് കുമാരനിലെ ശ്രീകുട്ടിയുമെല്ലാം അത്തരത്തിലുള്ളവയാണ്.
തുടർന്ന് തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കുമുള്ള യാത്രയായിരുന്നു. അവിടെ പൂർണ്ണ എന്ന പേരിലാണ് അറിയപ്പെട്ടത്. ഷംന എന്ന പേര് പലരും തെറ്റിച്ചാണ് ഉച്ചരിച്ചിരുന്നത്. അതിനാലാണ് പേരുമാറ്റിയത്. എന്നാൽ മലയാളത്തിൽ ഷംനയായിത്തന്നെ തുടർന്നു. മുനിയാണ്ടി വിലങ്ങലിലെ മധുമിതയും കൊടൈക്കനാലിലെ ബ്രിന്ദയും കന്തക്കോട്ടയിലെ പൂജയും ദ്രോഗിയിലെ മലരും ആടുപുലിയിലെ അഞ്ജലിയുമെല്ലാം തമിഴകത്തു കിട്ടിയ നല്ല വേഷങ്ങളായിരുന്നു. ഇതിനിടയിൽ ജോഷ് എന്ന കന്നഡ ചിത്രത്തിലും വേഷമിട്ടു.
മലയാള സിനിമയിൽ ഒരു ബ്രേക്ക് കിട്ടിയത് ചട്ടക്കാരിയിലൂടെയാണ്. 1974ൽ പുറത്തിറങ്ങിയ ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലത്തിലുള്ള ചട്ടക്കാരി മലയാളികൾ ആഘോഷപൂർവ്വമാണ് ഏറ്റെടുത്തത്. ലക്ഷ്മിയും മോഹനും തകർത്തഭിനയിച്ച് ഒട്ടേറെ അംഗീകാരങ്ങൾ നേടിയ ഈ ചിത്രത്തിന് നിരവധി ഭാഷകളിൽ റീമേക്കുകൾ വന്നിട്ടുണ്ട്. രേവതി കലാമന്ദിറിന്റെ ബാനറിൽ ചട്ടക്കാരി പുനരാവിഷ്‌കരിക്കുകയും ജൂലിയായി വേഷമിടാൻ എന്നെ ക്ഷണിക്കുകയും ചെയ്തപ്പോൾ ശരിക്കും ഭയമുണ്ടായിരുന്നു. എന്നാൽ സന്തോഷ് സേതുമാധവൻ സാറിന്റെയും സുരേഷ് കുമാർ സാറിന്റെയുമെല്ലാം സഹകരണംകൊണ്ട് ചിത്രം ഭംഗിയാക്കാൻ കഴിഞ്ഞു. നായകനായി വേഷമിട്ട ഹേമന്തും ഞാനും ഒരേ പ്രായക്കാരായത് അനുഗ്രഹമായി. നല്ല സുഹൃത്തുക്കളായതുകൊണ്ട് വളരെ ഫ്രീയായി അഭിനയിക്കാൻ കഴിഞ്ഞു.
ചട്ടക്കാരിക്കുശേഷം മലയാളത്തിൽ മികച്ച അവസരങ്ങൾ ലഭിക്കാതിരുന്നതിനാൽ വീണ്ടും തമിഴിൽ സജീവമാവുകയായിരുന്നു. ജന്നൽ ഓരം, തകരാരു, അപ്പ തക്കാരു, കൊടിവീരൻ, സവരക്കത്തി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ലഡുബാബു, നുവാല നെനില, അവനു, ശ്രീമന്തുടു, രാജുഗരി ഗദി, മാമാ മച്ചു, ജയമ്മു നിശ്ചയമ്മു തുടങ്ങിയ തെലുങ്കു ചിത്രങ്ങളിലും വേഷമിട്ടു. ഇതിനിടയിലും മലയാളത്തിൽ സാന്നിധ്യമറിയിക്കാൻ മടിച്ചില്ല. രാജാധിരാജയിലും മിലിയിലുമെല്ലാം ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
തെലുങ്കിൽ ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും പ്രേതസിനിമകളായിരുന്നു ഏറെയും. തെലുങ്കു ചിത്രങ്ങളിലെ പ്രേതരാജ്ഞിയായാണ് അറിയപ്പെട്ടത്. അവനുവിലെയും അവനുവിന്റെ രണ്ടാം ഭാഗത്തിലെയും വേഷം ഏറെ ശ്രദ്ധേയമായിരുന്നു. പ്രേതവേഷത്തിലെത്തിയ രാജുഗരു ഗദി തെലുങ്കകത്ത് ബോക്‌സോഫീസ് ഹിറ്റായിരുന്നു.
അഭിനയത്തിനുപുറമെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും പങ്കെടുക്കാറുണ്ട്. പെർഫോമൻസിനായി സ്റ്റേജിൽ കയറുന്നതിനുമുൻപ് ആവശ്യമായ ഹോംവർക്കുകൾ നടത്താൻ മറക്കാറില്ല. മേക്കപ്പ് സാധനങ്ങൾ, കോംസ്റ്റ്യൂം... എല്ലാത്തിനും കൃത്യത വേണമെന്ന നിർബന്ധമുണ്ട്. അതിനായി ഒരു ഡയറിതന്നെ സൂക്ഷിക്കും. 
തയ്യാറെടുപ്പുകൾക്കു വേണ്ടവയെല്ലാം ഒരു ലിസ്റ്റാക്കും. ഒരുക്കങ്ങൾ പൂർത്തിയാവുമ്പോൾ ഓരോന്നും ടിക് ചെയ്ത് പൂർണ്ണത വരുത്തും. അതാണ് ശൈലി.


സിനിമയ്ക്കുവേണ്ടി നൃത്തം ഉപേക്ഷിക്കാനൊന്നും തയ്യാറല്ല. എന്നാൽ ചില സിനിമകളിൽ ഐറ്റം ഡാൻസിനുവേണ്ടി മാത്രമായി ക്ഷണിക്കാറുണ്ട്. സിനിമയെന്നത് അഭിനയകലയുടെ ഒരു സർക്കിളാണ്. കഥാപാത്രമില്ലാതെ നൃത്തത്തിനുവേണ്ടി മാത്രമായി ലൊക്കേഷനിലേയ്ക്ക് പോകാൻ താല്പര്യമില്ല -ഷംന തന്റെ നയം വ്യക്തമാക്കുന്നു.
തമിഴ്, തെലുങ്കു ഭാഷകളിൽ സ്വന്തമായ ഇരിപ്പിടംതന്നെ ഈ അഭിനേത്രി നേടിയെടുത്തിട്ടുണ്ട്. അവനുവിലെ മോഹിനിയും കൊടിവീരനിലെ വേലുവും പ്രേക്ഷകഹൃദയം കവർന്നവയായിരുന്നു. മുത്തയ്യ സംവിധാനം ചെയ്ത് എം.ശശികുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊടിവീരനിലെ വേലുവിനുവേണ്ടി മുടി മൊട്ടയടിക്കാൻവരെ തയ്യാറായി. സിനിമയുടെ കഥ കേട്ടപ്പോൾതന്നെ ശരിക്കും ത്രില്ലടിച്ചുപോയി. എന്നാൽ തല മൊട്ടയടിക്കണമെന്നു പറഞ്ഞപ്പോൾ ഞെട്ടി. കഥാപാത്രം ആവശ്യപ്പെടുന്ന മാറ്റമായതുകൊണ്ട് സമ്മതം മൂളുകയായിരുന്നു. എന്നാൽ മമ്മി സമ്മതിച്ചില്ല. ഞാൻ മൊട്ടയടിച്ച് കാണുന്നതിലുള്ള സങ്കടംകൊണ്ടായിരുന്നു അത്. ഒടുവിൽ കുടുംബത്തിലെ പലരും പറഞ്ഞാണ് മമ്മിയെ സമ്മതിപ്പിച്ചത്.
മൊട്ടയടിച്ചതിനുശേഷം ചിലരുടെ ഭാഗത്തുനിന്നുണ്ടായ കമന്റുകൾ ഏറെ വേദനിപ്പിച്ചു. അവാർഡിനുവേണ്ടിയാണ് ഈ സാഹസം ചെയ്തതെന്ന് ചിലർ പറഞ്ഞപ്പോൾ മറ്റു ചിലർ അസുഖമായിരിക്കുമെന്ന് പറഞ്ഞു. ഇതുമൂലം ചില സിനിമകൾ ഒഴിവാക്കേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. മുടി മൊട്ടയടിച്ചതിനുശേഷം കരിയറിൽതന്നെ മാറ്റങ്ങളുണ്ടായി. വിഗ്ഗിന്റെ സഹായത്തോടെ ഡാൻസ് ഷോകൾ നടത്തിക്കൊണ്ടിരുന്നു. നല്ല കഥാപാത്രങ്ങളുമായി മലയാളത്തിൽ ശക്തമായ തിരിച്ചുവരവിനും സാധ്യമായി.
ആനക്കള്ളൻ എന്ന ചിത്രത്തിൽ ബിജുമേനോന്റെ നായികയായി. കൂടാതെ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം ഓണത്തിന് പുറത്തിറങ്ങുന്ന സന്തോഷവുമുണ്ട്. ഇതിനുമുമ്പ് ഭാർഗവചരിതം എന്ന ചിത്രത്തിൽ മമ്മൂക്കയ്‌ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. ഈ ചിത്രത്തിലെ ഏറെ സീനുകളും മമ്മൂക്കയ്‌ക്കൊപ്പമാണെന്ന് ഏറെ സന്തോഷം തരുന്നുണ്ട്. പൂർണ്ണമായും കഥാപാത്രമാവാൻ പറഞ്ഞ് നല്ല പ്രോത്സാഹനമാണ് മമ്മൂക്ക നൽകുന്നത്. ചിത്രത്തിൽ സ്വന്തമായി ശബ്ദം നൽകുന്നതിന്റെ സന്തോഷവുമുണ്ട്.
പുറത്തിറങ്ങാനിരിക്കുന്ന സവരക്കത്തി എന്ന തമിഴ് ചിത്രത്തിലെ സുഭദ്ര ഗർഭിണിയായ ഒരു ബധിരസ്ത്രീയാണ്. അഭിനയജീവിതത്തിൽ ഏറെ വെല്ലുവിളി ഉയർത്തുന്ന ഈ വേഷവും ഏറെ പ്രതീക്ഷയോടെയാണ് ഈ നടി കാണുന്നത്.
കൊച്ചി മരടിലെ ചിന്നാട്ടീസ് എന്ന വീട്ടിലാണ് ഇപ്പോഴത്തെ വാസം. അഭിനയത്തിനിടയിൽ വിവാഹം മറന്നോ എന്നു ചോദിച്ചാൽ ഷംനയ്ക്ക് ഒറ്റ മറുപടിയേയുള്ളു. വിവാഹത്തിനുവേണ്ടി അഭിനയവും നൃത്തവും ഒഴിവാക്കാനാവില്ല. രണ്ടും ഒന്നിച്ചുകൊണ്ടുപോകാൻ തയ്യാറാകുന്നയാളെ കണ്ടെത്തട്ടെ. എന്നിട്ടാകാം വിവാഹം. നൃത്തത്തെ പ്രാണനുതുല്യം സ്‌നേഹിക്കുന്ന ഈ കലാകാരിക്ക് കൊറിയോഗ്രാഫി രംഗത്തേയ്ക്കും ചുവടുവയ്ക്കണമെന്ന മോഹമുണ്ട്.

Latest News