പ്രയാഗ്‌രാജ്- ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 16 കാരനെ മറ്റൊരു സമുദായത്തിൽപ്പെട്ട സഹപാഠികളുമായുള്ള തർക്കത്തെ തുടർന്ന് മർദിച്ച് കൊലപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥി അതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ബന്ധുവിനോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
കൊല്ലപ്പെട്ട വിദ്യാർഥിയും പ്രതികളായ വിദ്യാർത്ഥികളും സ്‌കൂളിൽ ചില തർക്കങ്ങളുടെ പേരിൽ ഏറ്റുമുട്ടിയെങ്കിലും അധ്യാപകർ വിഷയം ഒത്തുതീർപ്പാക്കിയിരുന്നു. സഹോദരിയോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതികൾ കമന്റ് ചെയ്യുകയും സഹോദരിയെ ഉപദ്രവിക്കുകയും പ്രതിഷേധിച്ചപ്പോൾ പ്രതികൾ മർദ്ദിച്ചതാണ് മരണത്തിൽ കലാശിച്ചത്.
പീഡനത്തെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിപ്പിച്ചെന്നും വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് കാരണമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായി, വിദ്യാർത്ഥിയെ ബാറ്റൺ ഉപയോഗിച്ച് ആക്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥി പിന്നീട് ചികിത്സയ്ക്കിടെയാണ് മരിച്ചത്- അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.അതേസമയം, പ്രകോപിതരായ നാട്ടുകാർ റോഡ് ഉപരോധിച്ചു.സംഘർഷം രൂക്ഷമായതിനെ തുടർന്ന് കടകൾ അടച്ചു. സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.