ഇംഫാല്‍ - കുക്കി വിഭാഗത്തിലെ എം എല്‍ എമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മണിപ്പൂര്‍ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് വിവിധ കുക്കി സംഘടനകളുടെ ആവശ്യം. നാളെ സമ്മേളനം ചേരാനിരിക്കെയാണ് ആവശ്യം ഉയര്‍ന്നത്. പത്ത് കുക്കി എം എല്‍ എമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമ്മേളനം ചേരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സംഘടനകള്‍ പറയുന്നത്. അതേസമയം, മണിപ്പൂരില്‍ ഇന്നലെയും ആയുധങ്ങള്‍ കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇംഫാലില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ ആയുധങ്ങളാണ് കവര്‍ന്നത്. സംഘര്‍ഷം തുടരുകയാണ്. ഇന്നലെ ഇംഫാലിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. അഞ്ച് വീടുകള്‍ക്ക് തീയിട്ടു. ഇരുവിഭാഗങ്ങളുടെയും വീടുകള്‍ കത്തി നശിച്ചു. പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്തമാക്കി. മണിപ്പൂരില്‍ കുക്കി മേഖലകള്‍ക്ക് പ്രത്യേക ഭരണം എന്നാവശ്യം സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. ഹില്‍ കൗണ്‍സിലുകള്‍ക്ക് സ്വയംഭരണം നല്‍കാമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.