ന്യൂദല്‍ഹി - ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും ഹരിയാനയിലെ നൂഹില്‍ ഇന്ന് ഷോഷയാത്ര സംഘടിപ്പിക്കാന്‍ വി എച്ച് പി തീരുമാനിച്ചതോടെ സംസ്ഥാനത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രത. നൂഹിലെ ശിവ ക്ഷേത്രത്തില്‍ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. വിവിധ ഹിന്ദു സംഘടനകളും ഘോഷ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. ജൂലൈ 31ന് നടന്ന ഘോഷ യാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇന്നത്തെ ഘോഷയാത്രയിലും സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മുന്‍ കരുതലായി നൂഹില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഘോഷ യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും ഘോഷയാത്ര നടത്തുക തന്നെ ചെയ്യുമെന്നാണ് വിവിധ ഹിന്ദു സംഘടനകളുടെ നിലപാട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മുന്‍ കരുതലായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് വിന്യാസവും കൂട്ടി. വേണ്ടിവന്നാല്‍ സൈന്യത്തിന്റെ സഹായവും തേടാനാണ് നീക്കം.