ന്യൂദല്‍ഹി- ദല്‍ഹിയിലെ അഞ്ച് മെട്രോ സ്റ്റേഷനുകളുടെ ഭിത്തികളില്‍ ഖലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍ എഴുതിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇന്ത്യയില്‍ നിരോധിച്ച യു.എസ് ആസ്ഥാനമായുള്ള വിഘടനവാദ ഗ്രൂപ്പായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) ആണ് ഇതിന് പിന്നിലെന്നാണ് സൂചന.
'മോഡി ഇന്ത്യ സിഖുകാരെ വംശഹത്യ ചെയ്തു'', ''ദല്‍ഹി ബനേഗാ ഖലിസ്ഥാന്‍ (ദല്‍ഹി ഖാലിസ്ഥാന്‍ ആകും)'', ''ഖാലിസ്ഥാന്‍ റഫറണ്ടം സിന്ദാബാദ് (ഖലിസ്ഥാന്‍ ഹിതപരിശോധന നീണാള്‍ വാഴട്ടെ'' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മെട്രോ സ്റ്റേഷനുകളുടെ പുറംചുവരുകളില്‍ വരച്ചിട്ടുണ്ട്.
സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് ദല്‍ഹി പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശിവാജി പാര്‍ക്ക് മുതല്‍ പഞ്ചാബി ബാഗ് വരെയുള്ള ദല്‍ഹിയിലെ ഒന്നിലധികം മെട്രോ സ്റ്റേഷനുകളില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി എസ്എഫ്‌ജെ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.
ഐപിസി സെക്ഷന്‍ 153 എ (സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 505 (സംസ്ഥാനത്തിനെതിരെ കുറ്റകൃത്യം പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എന്തെങ്കിലും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഡിസിപി (മെട്രോ ഡല്‍ഹി പോലീസ്) രാം ഗോപാല്‍ നായിക് മാധ്യമങ്ങളോട് പറഞ്ഞു.