ഇംഫാല്‍- കേന്ദ്ര ആഭ്യന്തരമന്ത്രിയും മണിപ്പൂര്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഇടപെടലുകള്‍ നടത്തിയിട്ടും മണിപ്പൂരില്‍ സംഘര്‍ഷം അയയുന്നില്ല. ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്ന ശാന്തതയ്ക്ക് അന്ത്യമായി വീണ്ടും സംഘര്‍ഷം ശക്തമായി.
ഞായറാഴ്ച വൈകിട്ട് പൂട്ടിയിട്ടിരുന്ന മൂന്നു വീടുകള്‍ക്ക് അജ്ഞാത അക്രമികള്‍ തീയിട്ടതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ഇംഫാലിലെ ന്യൂ ലാംബുലൈനിലാണ് സംഭവം. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു. ഇതിനു പിന്നാലെ പ്രദേശത്ത് സംസ്ഥാന, കേന്ദ്ര സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ആള്‍ക്കൂട്ടം തടിച്ചു കൂടി. സൈനികര്‍ നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിച്ചതിനെത്തുടര്‍ന്നാണ് ആള്‍ക്കൂട്ടം പിരിഞ്ഞു പോയത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആരോഗ്യ, കുടുംബകാര്യ മുന്‍ ഡയറക്ടര്‍ കെ. രജോയുടെ വസതിക്കു സംരക്ഷണം നല്‍കിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് അജ്ഞാതര്‍ എകെ സീരീസ് റൈഫിളുകള്‍ അടക്കമുള്ള ആയുധങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.