മുംബൈ- ഓണ്‍ലൈന്‍ ഗെയിമിംഗുമായി ബന്ധപ്പെട്ട പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ പ്രതിഷേധം ശക്തം. പരസ്യത്തില്‍ ഷാരൂഖ് അഭിനയിക്കാന്‍ പാടില്ലായിരുന്നെന്ന് പറഞ്ഞ് ശനിയാഴ്ച ഉച്ചമുതല്‍ ഒരുസംഘമാളുകള്‍ അദ്ദേഹത്തിന്റെ വസതിയായ മന്നത്തിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.
ഒരു ഓണ്‍ലൈന്‍ റമ്മി പോര്‍ട്ടല്‍ അടുത്തിടെ ഷാരൂഖ് ഖാനെ തങ്ങളുടെ ഗെയിംസ് പ്ലാറ്റ്ഫോമിന്റെ ബ്രാന്‍ഡ് അംബാസഡറാക്കിയിരുന്നു. ആപ്പിനായി അദ്ദേഹം ഒരു പ്രൊമോയും ഷൂട്ട് ചെയ്തു. ഇതിനെതിരെ അണ്‍ടച്ച് യൂത്ത് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ക്കെതിരെയും ഓണ്‍ലൈന്‍ ഗെയിം പോര്‍ട്ടലുകള്‍ക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘം അറിയിച്ചു.
ഈ പ്ലാറ്റ്ഫോമുകള്‍ യുവാക്കളെ ദുഷിപ്പിക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്യുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. 'പ്രശസ്ത നടന്മാരും നടിമാരും ഈ പരസ്യങ്ങളില്‍ അഭിനയിക്കുന്നു, അവര്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നു. അണ്‍ടച്ച് ഇന്ത്യ ഫൗണ്ടേഷന്റെ പേരില്‍ ഷാരൂഖ് ഖാന്റെ മന്നത്ത് ബംഗ്ലാവിന് പുറത്ത് പ്രതിഷേധം നടക്കും.'
ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതില്‍ യുവതലമുറ മുഴുകിയിരിക്കുകയാണെന്ന് അണ്‍ടച്ച് ഇന്ത്യ ഫൗണ്ടേഷന്‍ പ്രസിഡന്റ് കൃഷ്ണചന്ദ്ര അടല്‍ പറഞ്ഞു. ആരെങ്കിലും പുറത്തുവെച്ച് ഓണ്‍ലൈന്‍ റമ്മിയോ മറ്റോ കളിക്കുകയാണെങ്കില്‍ പോലീസ് ഉടന്‍ അവരെ അറസ്റ്റ് ചെയ്യും. എന്നാല്‍ പ്രമുഖ ബോളിവുഡ് താരങ്ങള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഇത് യുവതലമുറയെ വഴിതെറ്റിക്കുമെന്ന് അദ്ദേഹം പറഞ്ഞു.