ഇസ്ലാമാബാദ്- ഔദ്യോഗിക രഹസ്യ നിയമപ്രകാരം തടവിലായ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറ്റോക്ക് ജയിലിൽ വെച്ച് ചോദ്യം ചെയ്തു. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലെ തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരാണ് ഇമ്രാൻ ഖാനെ ചോദ്യം ചെയ്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ മാസം ആദ്യം അഴിമതി കേസിൽ കോടതി ശിക്ഷിച്ചതിന് ശേഷം 70 കാരനായ ഇമ്രാൻ ഖാൻ മൂന്ന് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. യുഎസ് എംബസിയിൽ നിന്നുള്ള രഹസ്യ നയതന്ത്ര കേബിളിന്റെ ഉള്ളടക്കം പരസ്യമാക്കിയതിന് ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രകാരം കേസെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) ചെയർമാൻ കൂടിയായ ഇമ്രാൻ ഖാനെ ചോദ്യം ചെയ്തത്.
എഫ്ഐഎ സംഘം പിടിഐ മേധാവിയെ നിലവിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന അറ്റോക്ക് ജയിലിൽ ഒരു മണിക്കൂറോളം ചോദ്യം ചെയ്യുകയും കാണാതായ സൈഫർ കോപ്പി എവിടെയാണെന്ന് അന്വേഷിക്കുകയും ചെയ്തുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഉച്ചയ്ക്ക് 2:15 ഓടെ അറ്റോക്ക് ജയിലിൽ എത്തിയ സംഘം 3:30 വരെ ഇമ്രാൻ ഖാനെ ചോദ്യം ചെയ്യുന്നത് തുടർന്നു. ഉദ്യോഗസ്ഥർ ഇസ്ലാമാബാദിലേക്ക് മടങ്ങിയതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.