ഇസ്ലാമാബാദ്- അടുത്ത വർഷം ഫെബ്രുവരിയിൽ പൊതുതിരഞ്ഞെടുപ്പ് നടത്താനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി). മണ്ഡലങ്ങളുടെ അതിർത്തി നിർണയിക്കുന്നതിനും വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള ഒരുക്കങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കമ്മീഷൻ അറിയിച്ചതായി ഡോൺ റിപ്പോർട്ട് ചെയ്തു.
അടുത്ത വർഷം ആദ്യം തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഇസിപിയുമായി കൂടിയാലോചന നടത്തിയ പിഎംഎൽ-എൻ പ്രതിനിധി സംഘത്തിന് ഉറപ്പ് ലഭിച്ചു. നിയമസഭകൾ പിരിച്ചുവിട്ട് 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നതിനാൽ ഫെബ്രുവരിയിൽ വോട്ടെടുപ്പ് നടത്തിയാലും അത് ഭരണഘടനാ ലംഘനമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
രണ്ട് പ്രക്രിയകളും ഒരേസമയം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഡീലിമിറ്റേഷൻ നടത്തുന്നതിനും വോട്ടർ പട്ടിക പുതുക്കുന്നതിനുമുള്ള നടപടികൾ കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്. ഡിസംബറിൽ ഡീലിമിറ്റേഷൻ പ്രക്രിയ അവസാനിച്ചതിന് ശേഷം മാത്രമേ വോട്ടർ പട്ടിക പുതുക്കാനുള്ള നടപടികൾ ആരംഭിക്കുകയുള്ളൂ എന്ന ഊഹാപോഹങ്ങൾ കമ്മീഷൻ നിഷേധിച്ചു.
ഡിസംബർ 14-ന് മുമ്പ് ഡിലിമിറ്റേഷനും വോട്ടർ പട്ടിക പുതുക്കുന്നതും ർത്തിയാക്കാൻ പിഎംഎൽ-എൻ കമ്മീഷനോട് അഭ്യർത്ഥിച്ചതായി ഡോൺ റിപ്പോർട്ടിൽ പറയുന്നു. രണ്ട് ജോലികളും ഒരേസമയം പൂർത്തിയാക്കുമെന്നും എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജ പിഎംഎൽ-എൻ സംഘത്തിന് ഉറപ്പുനൽകി.
ഫെബ്രുവരിയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് യോഗത്തിന് ശേഷം പിഎംഎൽ-എൻ നേതാക്കളായ അഹ്സൻ ഇഖ്ബാൽ, അസം നസീർ തരാർ, സാഹിദ് ഹമീദ് എന്നിവർ പറഞ്ഞു.