ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നേറുമെങ്കിലും ബി. ജെ. പിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് സര്‍വേ.
ഇന്ത്യാ ടുഡേ- സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ (എം. ഒ. ടി. എന്‍) സര്‍വേയിലാണ് ബി. ജെ. പി മുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 54 ശതമാനം പേരും ഇന്ത്യ സഖ്യത്തിന് ബി. ജെ. പിയെ തോല്‍പ്പിക്കാനാവില്ലെന്ന് കരുതുന്നു. 33 ശതമാനമാണ് ഇന്ത്യ വിജയിക്കുമെന്ന് വിശ്വസിക്കുന്നത്.
പ്രതിപക്ഷത്തിന്റെ ഇന്ത്യ എന്ന പേര് സംബന്ധിച്ചും മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയില്‍ ചോദ്യം ഉയര്‍ന്നു. പേര് മാറ്റം ഇന്ത്യന്‍ സഖ്യത്തിന് വോട്ട് നേടിക്കൊടുക്കുമോയെന്ന് ചോദ്യത്തിന് 39 ശതമാനം പേര്‍ അനുകൂലമായി മറുപടി നല്‍കി. എന്നാല്‍ 30 ശതമാനം പേര്‍ വിയോജിച്ചു. അതേസമയം ഇന്ത്യ എന്ന പുതിയ പേര് വോട്ട് നേടി തരില്ലെന്നും അത് ആകര്‍ഷകമായ പേരല്ലെന്നും 18 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ സഖ്യത്തെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ആരാണെന്ന ചോദ്യത്തിന് പങ്കെടുത്തവരില്‍ 24 ശതമാനം പേര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരു പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും 15 ശതമാനം വീതം വോട്ട് നേടി.
ജനുവരി മുതല്‍ പൊതുജനാഭിപ്രായം രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി മാറിയെന്നാണ് സര്‍വേ പറയുന്നത്. നേരത്തെ പ്രതിപക്ഷത്തെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ രാഹുലാണെന്ന് 13 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടിരുന്നത്. ജനുവരിയില്‍ കേജ്രിവാളിന് ലഭിച്ച 27 ശതമാനത്തിന് ഇത്തവണ ഇടിവ് സംഭവിച്ചു.
രാജ്യത്ത് ജനപ്രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബഹുദൂരം മുന്നിലാണെങ്കിലും നേരത്തെയുണ്ടായ കണക്കില്‍ നിന്നും വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. പ്രധാനമന്ത്രി എന്ന നിലയില്‍ മോഡിയുടെ പ്രകടനത്തില്‍ 63 ശതമാനം പേരാണ് തൃപ്തി പ്രകടമാക്കിയത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ സര്‍വേയില്‍ 72 ശതമാനമായിരുന്നു ഇത്.