ഹൈദരാബാദ്- തെലങ്കാന സെക്രട്ടേറിയറ്റിൽ ക്ഷേത്രവും മസ്ജിദും ചർച്ചും നിർമ്മിച്ച് സംസ്ഥാനം സാമുദായിക സൗഹാർദത്തിന്റെ മാതൃക കാട്ടിയിരിക്കയാണെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. സംസ്ഥാന ഭരണത്തിന്റെ നാഡീ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഗവർണർ തമിഴിസൈ സൗന്ദരരാജനൊപ്പം അദ്ദേഹം ന്ന് ആരാധനാലയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
തെലങ്കാനയിൽ സാമുദായിക സൗഹാർദ്ദവും സമാധാനവും നിലനിർത്താൻ തന്റെ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കെസിആർ പള്ളിയിൽ സംസാരിച്ചപ്പോൾ പറഞ്ഞു. നേരത്തെ നൈസാമിന്റെ കാലത്ത് നിർമ്മിച്ചതിനേക്കാൾ മികച്ച മസ്ജിദ് നിർമ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് ആരാധനാലയങ്ങളുടെ നിർമ്മാണം സാമുദായിക സൗഹാർദത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത് എല്ലായിടത്തും സംഭവിക്കണമെന്നും പറഞ്ഞു.
മൂന്ന് സഹോദരന്മാർക്ക് എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാനും പ്രാർത്ഥിക്കാനും സമാധാനത്തിലും ഐക്യത്തിലും ജീവിക്കാനും കഴിയുമെന്നതിന് ഞങ്ങൾ മികച്ച ഉദാഹരണമാണ്. ഇന്ത്യക്കാകെ ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ കഴിയും," അദ്ദേഹം പറഞ്ഞു.