മുംബൈ- ബോളിവുഡ് താരം രാഖി സാവന്ത് വിശുദ്ധ ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിൽ. മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിക്കെതിരായ ഗുരുതരമായ ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടയിലാണ് മാസങ്ങളായി പ്രകടിപ്പിച്ച ആഗ്രഹം പൂർത്തിയാക്കാനായി രാഖി വെള്ളിയാഴ്ച രാവിലെ ഉംറ നിർവഹിക്കാൻ പുറപ്പെട്ടത്.കഴിഞ്ഞ വർഷം ആദിൽ ഖാൻ ദുറാനിയുമായുള്ള നിക്കാഹ് സമയത്ത് ഇസ്ലാം സ്വീകരിച്ച രാഖി സാവന്ത് പേര് ഫാത്തിമ എന്നാക്കിയിരുന്നു.
ഹിജാബ് ധരിച്ച് വിമാനത്തിൽ ഇരിക്കുന്ന രാഖി സാവന്തിന്റെ വീഡിയോ പ്രശസ്ത ബോളിവുഡ് പാപ്പരാസി അക്കൗണ്ടായ വൈറൽഭയാനി വെള്ളിയാഴ്ച രാവിലെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. താൻ ഭാഗ്യവതിയാണെന്നും ആദ്യമായി ഉംറ നിർവഹിക്കാൻ പോകുകയാണെന്നും പ്രാർഥനയിൽ ഉൾപ്പെടുത്തണമെന്നും നടി അഭ്യർഥിച്ചു. എല്ലാവർക്കുവേണ്ടിയും താൻ പ്രാർഥിക്കുമെന്നു രാഖി പറഞ്ഞു.