Sorry, you need to enable JavaScript to visit this website.

സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍

കൊച്ചി- പനങ്ങാട് പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള കുമ്പളം സ്വദേശിയായ 15കാരനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട നാലുപേര്‍ പിടിയില്‍. 

കുമ്പളം റെയില്‍വേ ഗേറ്റ്, നെട്ടൂര്‍ ശിവക്ഷേത്രത്തിന് പിറകുവശം എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് പതിനഞ്ചുകാരനെ ഭീഷണിപ്പെടുത്തിയത്. ആയിരം രൂപ കൊടുത്തില്ലെങ്കില്‍ കല്ലുകൊണ്ട് ഇടിച്ചു കൊല്ലുമെന്നു പറഞ്ഞായിരുന്നു ഭീഷണി. വടി കൊണ്ട് അടിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. 

കുമ്പളം ചിറ്റേഴത്ത് വിട്ടില്‍ ആദിത്യന്‍ (19), നെട്ടൂര്‍ പള്ളിക്ക് പുറക് വശം പുത്തന്‍വേലി വീട്ടില്‍ ആശിര്‍വാദ് (19), നെട്ടൂര്‍ പുറക്കേലി റോഡില്‍ തൈക്കൂട്ടത്തില്‍ വീട്ടില്‍ ആഷ്‌ലി ആന്റണി (18), നെട്ടൂര്‍ മാര്‍ക്കറ്റിന് പുറക് വശം ഇല്ലിത്തറ വീട്ടില്‍ ആദിത്യന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. 

അറസ്റ്റിലായ കുമ്പളം സ്വദേശിയായ ആദിത്യന്‍ നരഹത്യാശ്രമം, മോഷണം, പോക്‌സോ പ്രകാരമുള്ള കേസുകളിലും ആശിര്‍വാദ് നരഹത്യാ ശ്രമക്കേസിലും മോഷണ കേസുകളിലും ആഷ്‌ലിന്‍ നിരവധി മോഷണക്കേസുകളിലും പ്രതികളാണ്. എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ പി. രാജ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം. പനങ്ങാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ മോഹിത് റാവത്ത്, ഇന്‍സ്‌പെക്ടര്‍ സാജു ആന്റണി, സബ് ഇന്‍സ്‌പെക്ടര്‍ ജിന്‍സന്‍ ഡോമനിക്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ് കുമാര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Latest News