കണ്ണൂര്‍-ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സനുഷ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയ ചിത്രമാണ് 'ജലധാന പമ്പ്സെറ്റ് സിന്‍സ് 1962'. ഉര്‍വശിയും ഇന്ദ്രന്‍സും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഒരു പ്രധാന വേഷത്തിലാണ് സനുഷ വേഷമിട്ടത്. എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും താന്‍ ആറ് വര്‍ഷത്തെ ഇടവേള എടുത്തത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍.
മലയാള സിനിമയില്‍ നിന്ന് മാത്രമേ ഇടവേള എടുത്തിരുന്നുള്ളൂ. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ മറ്റു ഭാഷകളിലെല്ലാം സജീവമായിരുന്നു. മലയാളത്തില്‍ നിന്നും മന:പൂര്‍വം ഇടവേള എടുത്തതാണ്. നല്ല കഥാപാത്രങ്ങള്‍ക്കായി കുറച്ചു സമയം കാത്തിരിക്കാമെന്ന് തോന്നി. മലയാളത്തെ വളരെയധികം മിസ് ചെയ്ത സമയം കൂടിയായിരുന്നു ഇത്.'
'നിലവില്‍ ഇപ്പോള്‍ മലയാളത്തില്‍ മൂന്ന് ചിത്രങ്ങള്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. അതില്‍ രണ്ടെണ്ണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സിനിമയില്‍ ഇടവേളയെടുത്ത സമയത്താണ് ഞാന്‍ പഠനം പൂര്‍ത്തിയാക്കിയത്. സെന്റ് തെരേസാസിലായിരുന്നു പഠനം.'
'അവിടെ എനിക്ക് യാതൊരു സെലിബ്രിറ്റി സ്റ്റാറ്റസും ഇല്ലായിരുന്നു. അടിപൊളിയായിരുന്നു ക്യാംപസ് ജീവിതം. ആ സമയവും സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. പക്ഷേ, അധ്യാപകരും കൂട്ടുകാരും വീട്ടുകാരുമെല്ലാം നന്നായി പിന്തുണച്ചു. അതുകൊണ്ട് ടെന്‍ഷനൊന്നുമില്ലാതെ ആസ്വദിച്ചാണ് പഠിച്ചത്' എന്നാണ് സനുഷ പറയുന്നത്. പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സനുഷ മലയാള സിനിമയില്‍ തിരിച്ചെത്തിയത്. അതേസമയം, ജലധാരയ്ക്ക് മുമ്പ് 'ജേഴ്സി' എന്ന തെലുങ്ക് ചിത്രത്തിലാണ് സനുഷ അഭിനയിച്ചത്. 'മരതകം' ആണ് സനുഷയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം.