Sorry, you need to enable JavaScript to visit this website.

സ്‌കൂളിന് നേരെ റഷ്യയുടെ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു

കീവ്- വടക്ക് കിഴക്കൻ ഉക്രെയ്നിലെ ഒരു സ്‌കൂളിൽ റഷ്യൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. സുമി മേഖലയിലെ കെട്ടിടം റഷ്യ നിലംപരിശാക്കി. ഉക്രൈൻ-റഷ്യ യുദ്ധം  19-ാം മാസത്തിലേക്ക് കടക്കുമ്പോൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്. 
റഷ്യയിലെ ബെൽഗൊറോഡ് മേഖലയിൽ മൂന്ന് സിവിലിയൻമാരും കൊല്ലപ്പെട്ടു. തലസ്ഥാനമായ മോസ്‌കോ തുടർച്ചയായ ആറാം രാത്രിയും ഡ്രോൺ ആക്രമണത്തിന് ഇരയായി. യുദ്ധം ഇപ്പോൾ റഷ്യൻ പ്രദേശത്തെ ദിവസവും ബാധിക്കുന്നു.
കീവിനു കിഴക്ക് 230 കിലോമീറ്റർ അകലെ റോംനി ഗ്രാമത്തിൽ, സ്‌കൂൾ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, സെക്രട്ടറി, ലൈബ്രേറിയൻ എന്നിവരാണ് റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തി. റോംനിയിലെ സ്‌കൂളിൽ റഷ്യൻ ആക്രമണത്തിന് ഇരയായവരുടെ എണ്ണം നാലായി ഉയർന്നതായി യുക്രൈൻ ആഭ്യന്തര മന്ത്രി ഇഗോർ ക്ലിമെൻകോ ടെലിഗ്രാമിൽ പറഞ്ഞു. സ്‌കൂളിലൂടെ കടന്നുപോയ നാല് പ്രദേശവാസികൾക്ക് പരിക്കേറ്റതായി ക്ലൈമെൻകോ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ആക്രമണത്തിന്റെ തുടക്കത്തിൽ റഷ്യൻ സൈന്യം സുമി മേഖലയിൽ പ്രവേശിച്ചെങ്കിലും ഉക്രേനിയൻ സൈന്യം അവരെ തുരത്തിയോടിച്ചിരുന്നു. അതിനുശേഷം മറ്റ് കിഴക്കൻ പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായി സുമിയിലേക്ക് റഷ്യൻ സൈന്യം എത്തിയിരുന്നില്ല. 

Latest News