ന്യൂദൽഹി- ന്യായമായ കാരണങ്ങളില്ലാതെ ഭർതൃപിതാവിൽനിന്ന് വേർപിരിഞ്ഞ് ജീവിക്കാൻ ഭർത്താവിനെ നിർബന്ധിക്കുന്ന ഭാര്യയുടെ രീതി ക്രൂരതയാണെന്ന് ദൽഹി ഹൈക്കോടതി. ഭർത്താവിനെ ഇതിന് വേണ്ടി നിർബന്ധിക്കുന്നത് പീഡനമാണെന്നും വേർപിരിഞ്ഞ ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് സുരേഷ് കുമാർ കെയ്റ്റ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. പാശ്ചാത്യരാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ മകൻ കുടുംബത്തിൽ നിന്ന് വേർപിരിയുന്നത് സാധാരണമല്ലെന്നും കുടുംബത്തിലെ അവിഭാജ്യഘടകമാണ് ഭാര്യയെന്നും കോടതി നിരീക്ഷിച്ചു.
'സാധാരണയായി, ന്യായമായ ശക്തമായ കാരണങ്ങളില്ലാതെ, ഭർത്താവ് കുടുംബത്തിൽനിന്ന് വേർപിരിഞ്ഞ് തനിക്കൊപ്പം ജീവിക്കണമെന്ന് അവൾ ഒരിക്കലും ശഠിക്കരുത്-കോടതി പറഞ്ഞു. വൈവാഹിക ഭവനത്തിലെ മുതിർന്നവരോട് ബഹുമാനം കാണിക്കാത്ത ഭാര്യ 'കലഹക്കാരിയായ സ്ത്രീ' ആണെന്നും മാതാപിതാക്കളിൽ നിന്ന് വേറിട്ട് താമസിക്കണമെന്ന് ശഠിച്ചുവെന്നും ഉൾപ്പെടെ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.
സാധാരണയായി ഒരു ഭർത്താവും ഇത് സഹിക്കില്ല. മാതാപിതാക്കളിൽനിന്നും മറ്റ് കുടുംബാംഗങ്ങളിൽ നിന്നും ഭർത്താവിനെ വേർപെടുത്താൻ ഭാര്യ ശ്രമിക്കുന്നു. പരാതിക്കാരനെ കുടുംബത്തിൽ നിന്ന് വേർപെടുത്താൻ പ്രേരിപ്പിക്കുന്ന ഭാര്യയുടെ നിരന്തര ശ്രമങ്ങൾ ഭർത്താവിനെ പീഡിപ്പിക്കുന്നതും ക്രൂരതയുണ്ടാക്കുന്നതുമാണ്- ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയും ഉൾപ്പെട്ട ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
വെവ്വേറെ താമസിക്കാനുള്ള ഭാര്യയുടെ നിർബന്ധത്തിന് ന്യായമായ കാരണങ്ങളൊന്നും കാണിക്കാൻ കഴിഞ്ഞില്ല... മറ്റ് കുടുംബാംഗങ്ങളിൽ നിന്ന് വേറിട്ട് ജീവിക്കാനുള്ള അവളുടെ നിർബന്ധം വിചിത്രവും ന്യായീകരിക്കാവുന്നതുമായിരുന്നില്ല എന്നതാണ് ഏക അനുമാനം. ഇന്ത്യയിലെ ഒരു ഹിന്ദു കുടുംബത്തിലെ മകൻ തന്റെ ഭാര്യയുടെ ആവശ്യപ്രകാരം മാതാപിതാക്കളിൽ നിന്ന് വേർപിരിയുന്നത് ഒരു സാധാരണ രീതിയോ അഭികാമ്യമായ സംസ്‌ക്കാരമോ അല്ലെന്ന് സുപ്രീം കോടതി ഒരു ഉത്തരവിൽ ചൂണ്ടിക്കാട്ടിയതും ദൽഹി കോടതി ഉദ്ധരിച്ചു.