ഇസ്ലാമാബാദ്- പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്ഖ്വാ പ്രവിശ്യയിലെ മലയോരമേഖലയില്‍ കേബിള്‍ കാറില്‍ കുടുങ്ങിയ കുട്ടികളുള്‍പ്പടെയുള്ളവരെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം. എട്ടംഗ സംഘത്തില്‍ രണ്ടു കുട്ടികളെ രക്ഷപ്പെടുത്താനായി. ബാക്കിയുള്ളവരേയും കൂടി രക്ഷപ്പെടുത്താനുള്ള ദൗത്യം തുടരുകയാണ്. 990 അടി ഉയരത്തിലാണ് ആറു കുട്ടികളുള്‍പ്പെടുന്ന സംഘം കുടുങ്ങിയത്. പത്ത് മണിക്കൂറിലധികം പിന്നിട്ടിട്ടും ഇവരെ താഴെയെത്തിക്കാനായില്ല.
ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഘം കുടുങ്ങുന്നത്. മറ്റ് ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ കേബിള്‍ കാറുകളെയാണ് പ്രദേശവാസികള്‍ താഴ്വര കടക്കാന്‍ ആശ്രയിക്കുന്നത്. സ്കൂളിലേക്കുള്ള യാത്രക്കിടെയാണ് കേബിള്‍ കാറിന്റെ പ്രവര്‍ത്തനം നിലച്ചത്. കേബിള്‍ കാര്‍ തകരാറിലായത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പള്ളിയിലെ ലൗഡ് സ്പീക്കറിലൂടെ സമീപത്തെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
പാകിസ്ഥാന് സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ സമീപത്തെത്തിയെങ്കിലും അവര്‍ക്കും യാതൊന്നും ചെയ്യാനായില്ല.