Sorry, you need to enable JavaScript to visit this website.

നവജാത ശിശുവിനെ ബാത്ത് ടബിൽ മുക്കിക്കൊന്ന അമ്മയ്ക്ക് 50 വർഷം തടവ്

ന്യൂയോർക്ക്- പ്രസവിച്ച ഉടൻ മകളെ ബാത്ത് ടബ്ബിൽ മുക്കി കൊന്ന കേസിൽ അമേരിക്കയിലെ അയോവ സ്വദേശിയായ 24 കാരിക്ക് 50 വർഷം തടവ് ശിക്ഷ വിധിച്ചു. പ്രസവത്തിനിടെ വേദന കുറക്കാൻ വേണ്ടി ഉപയോഗിച്ച മെത്താംഫെറ്റാമൈന്റെ സാന്നിധ്യം അധികാരികൾ കണ്ടെത്തുമെന്നും ഇതുകാരണം മൂത്ത കുട്ടിയെ തന്നിൽനിന്നും പോലീസ് കൊണ്ടുപോകുമോ എന്ന് ഭയന്നുമാണ് നവജാത ശിശുവിനെ ടെയ്‌ലർ ബ്ലാഹ എന്ന സ്ത്രീ ബാത്ത് ടബിൽ മുക്കിക്കൊന്നത് എന്നാണ് കുറ്റപത്രത്തിലുള്ളത്. ന്യൂയോർക്ക് ടൈംസാണ് ഈ വാർത്ത പുറത്തുവിട്ടത്. ബ്ലാഹയുടെ കാമുകൻ ബ്രാൻഡൻ തോമയും (31) കുറ്റകൃത്യത്തിൽ പങ്കാളിയാണ്. 

പ്രസവിച്ച ഉടൻ മകളുടെ കരച്ചിൽ നിർത്താനായി ഇരുവരും പാതി നിറച്ച ബാത്ത് ടബ്ബിൽ വെള്ളത്തിനടിയിൽ അമർത്തിപ്പിടിക്കുകയായിരുന്നു. പിന്നീട് ശരീരം ഒരു ബാക്ക്പാക്കിൽ നിറച്ച് വനപ്രദേശത്തേക്ക് വലിച്ചെറിയുകയും ചെയ്തു. കുഞ്ഞിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞില്ല.
2022 നവംബർ 16ന് തന്റെ പ്രസവസമയത്ത് താൻ മെത്താംഫെറ്റാമൈൻ ഉപയോഗിച്ചിരുന്നുവെന്നും പ്രസവശേഷമുള്ള രക്തപരിശോധനയിൽ ഇക്കാര്യം അറിഞ്ഞാൽ രണ്ടു വയസുള്ള മകനെ പരിപാലിക്കുന്നതിനുള്ള അവകാശം ഇല്ലാതാകുമെന്നും താൻ ഭയപ്പെട്ടതായി ബ്ലാഹ പോലീസിനോട് പറഞ്ഞു. 
നവംബർ 16നാണ് സെൻട്രൽ അവന്യൂവിലെ 900 ബ്ലോക്കിലുള്ള തന്റെ വീട്ടിലെ കുളിമുറിയിൽ വച്ച് ബ്ലാഹ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. കിടപ്പുമുറിയിലായിരുന്ന തോമയോട് കുഞ്ഞിനെ പ്രസവിച്ചതിന് ശേഷമുള്ള വേദന കുറയ്ക്കാൻ മെത്താംഫെറ്റാമൈൻ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുഞ്ഞിനെ തന്റെ സഹോദരിക്ക് നൽകാൻ താൻ പദ്ധതിയിട്ടിരുന്നതായും എന്നാൽ അയൽവാസികൾ കരച്ചിൽ കേട്ട് നിയമപാലകരെ വിളിക്കുമെന്നും മയക്കുമരുന്ന് ഉപയോഗിച്ചത് പോലീസ് അറിയുമെന്നും ഇവർ ഭയപ്പെട്ടു. നേരത്തെ ഗർഭഛിദ്രം നടത്താനുള്ള ഇവരുടെ നീക്കവും പരാജയപ്പെട്ടിരുന്നു.
 

Latest News