ടോക്‌യോ -1983 ഓഗസ്റ്റ് 15 ന് ജപ്പാനിലെ ശാസ്ത്രജ്ഞന്മാരായ മോറിമോട്ടോ, ഹിസാഷി ഹിരാബയാഷി എന്നിവർ ബഹിരാകാശത്തേക്ക് ഒരു റേഡിയോ സന്ദേശം അയച്ചിരുന്നു. ഭൂമിയിലെ ജീവന്റെ ചരിത്രവും മനുഷ്യനെ കണ്ടാൽ എങ്ങനെ ഇരിക്കും എന്നും പതിമൂന്ന് ചിത്രങ്ങളും അടങ്ങിയതായിരുന്നു ആ സന്ദേശം. നാൽപത് വർഷങ്ങൾക്കിപ്പുറം ആ സന്ദേശത്തിന് അന്യഗ്രഹജീവികളിൽനിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ഇതിനായി ജപ്പാനിലെ നഗാനോ മേഖലയിയെ സാക്കുവിൽ 64 മീറ്റർ പൊക്കമുള്ള ആന്റിന സ്ഥാപിക്കുമെന്ന് ജപ്പാനീസ് ഗവേഷകർ ഷിന്യ നരുസാവയും സംഘവും അറിയിച്ചു.
ഭൂമിയിൽ നിന്ന് 16.7 പ്രകാശവർഷമകലെ സ്ഥിതി ചെയ്യുന്ന ആൾട്ടെയർ എന്ന നക്ഷത്രത്തിനു സമീപത്തു നിന്നു പ്രതികരണം ലഭിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. അഖ്വില താരാപഥത്തിലുൾപ്പെട്ട അൾട്ടെയർ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള പന്ത്രണ്ടാമത്തെ നക്ഷത്രമാണ്.
1990 മുതൽ നിരവധി പുറംഗ്രഹങ്ങൾ (എക്‌സോപ്ലാനറ്റ്) കണ്ടെത്തിയിട്ടുണ്ടെന്ന് നരുസാവ പറയുന്നു. ഇത്തരത്തിലുള്ള ജീവസാധ്യതയുള്ള ഒരു ഗ്രഹം അൾട്ടെയറിനു ചുറ്റുമുണ്ടാകുമെന്നും നരുസാവ പറയുന്നു.