ഹൈദരാബാദ്- വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്നുപേർ പതിനാറുകാരിയെ തോക്കൂചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു. മീർപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ നന്ദനവനം കോളനിയിലെ വീട്ടിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ സഹോദരനെയും മറ്റ് മൂന്ന് കുട്ടികളെയും ഭീഷണിപ്പെടുത്തിയ ശേഷം കത്തി ചൂണ്ടി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. എട്ട് യുവാക്കൾ അടങ്ങുന്ന സംഘമാണ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
പ്രതികളിൽ നാല് പേർ ഇരയെ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് കൊണ്ടുപോയി, ബാക്കിയുള്ളവർ അവളുടെ സഹോദരനെയും വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികളെയും ഭീഷണിപ്പെടുത്തി.
പെൺകുട്ടിയെ മുകളിലേക്ക് കൊണ്ടുപോയ നാല് പ്രതികളിൽ മൂന്ന് പേർ മാറിമാറി ബലാത്സംഗം ചെയ്തു. പെൺകുട്ടി സഹായത്തിനായി നിലവിളിച്ചതിനെ തുടർന്ന് ഇവർ ഓടി രക്ഷപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി സഖി സെന്ററിലേക്ക് അയച്ചു.
പ്രതികളെ പിടികൂടാൻ പോലീസ് ഏഴ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെന്ന് പോലീസ് പറഞ്ഞു. രചകൊണ്ട പോലീസ് കമ്മീഷണർ ഡി എസ് ചൗഹാൻ സംഭവസ്ഥലവും
മീർപേട്ട് പോലീസ് സ്റ്റേഷനും സന്ദർശിച്ചു. കേസിലെ നാല് പ്രതികളെ മീർപേട്ട് പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികൾ കഞ്ചാവ് ലഹരിയിലായിരുന്നുവെന്നാണ് സൂചന. ഇവരിൽ രണ്ട് പേർ സ്ഥിരം കുറ്റവാളികാളണ്.
ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി ദിൽസുഖ്നഗറിലെ ഒരു വസ്ത്രശാലയിലാണ് ജോലി ചെയ്തിരുന്നത്. ഇളയ സഹോദരൻ ഫ്ലെക്സികൾ സ്ഥാപിക്കുന്നതിൽ സഹായിയായി പ്രവർത്തിക്കുന്നു.ഏതാനും മാസങ്ങൾക്കുമുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ട ഇവർ കോളനിയിൽ ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം.