ന്യൂദല്‍ഹി- രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജനയുടെയും (ആര്‍ജികെഎന്‍വൈ) മറ്റ് പദ്ധതികളുടെയും ഭാഗമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ 2,055.60 കോടി രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പൊതുപരിപാടിയില്‍ വെച്ച് ട്രാന്‍സ്ഫര്‍ ചെയ്തു. മുന്‍ പ്രധാനമന്ത്രിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി വീഡിയോ സന്ദേശത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.
ആര്‍ജികെഎന്‍വൈയുടെ രണ്ടാം ഗഡുവായി 1,810 കോടി രൂപയും രാജീവ് ഗാന്ധി ഭൂമിഹിന്‍ കൃഷി മജ്ദൂര്‍ ന്യായ് യോജന പ്രകാരം 168.63 കോടി രൂപയും, രാജീവ് യുവ മിതന്‍ ക്ലബ്ബുകള്‍ക്ക് 66.21 കോടി രൂപയും, യോജനനന്‍ ഗുണഭോക്താക്കള്‍ക്ക് 9.65 കോടി രൂപയും കൈമാറിയതായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മുഖ്മന്ത്രി പരബ് സമ്മാന്‍ നിധി യോജന പ്രകാരം 1.11 കോടി രൂപയും. രാജീവ്ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഭരണകൂടം 'സദ്ഭാവന ദിവസ്' ആചരിച്ചാണ് ചടങ്ങ് നടന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തി രാജീവ് ഗാന്ധിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കിയതിലൂടെ ബാഗേല്‍ സര്‍ക്കാര്‍ അദ്ദേഹത്തിനുള്ള ഏറ്റവും മികച്ച ആദരാഞ്ജലിയാണ് നല്‍കിയതെന്ന് സോണിയ തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ദാരിദ്ര്യത്തെ നേരിടാന്‍ കാര്‍ഷികരംഗത്ത് പുരോഗതി അനിവാര്യമാണെന്നും ഛത്തീസ്ഗഢ് സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാലാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി തുടര്‍ച്ചയായി മെച്ചപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
'അവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ കിരണവും കുടുംബങ്ങളില്‍ സന്തോഷവുമുണ്ട്. ആര്‍ജികെഎന്‍വൈയുടെ കീഴിലുള്ള സര്‍ക്കാര്‍ സബ്‌സിഡികള്‍ കൂടാതെ, മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ, ഛത്തീസ്ഗഡിലെ കര്‍ഷകരുടെ ഉന്നമനത്തിനായി നിരവധി തീരുമാനങ്ങള്‍ എടുത്തതില്‍ എനിക്ക് സന്തോഷമുണ്ട് -അവര്‍ പറഞ്ഞു.